കോഴിക്കോട്: പി എസ് സി കോഴ വിവാദത്തില് താന് ആര്ക്കെതിരെയും എവിടെയും പരാതി കൊടുത്തിട്ടില്ലെന്ന് ചേവായൂര് സ്വദേശി ശ്രീജിത്ത് റിപ്പോര്ട്ടര് ടി വിയോട് പ്രതികരിച്ചു. പ്രമോദിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും പ്രമോദ് നല്ല സുഹൃത്താണെന്നും ശ്രിജിത്ത് പ്രതികരിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രമോദിന് അഞ്ച് പൈസ കൊടുത്തിട്ടില്ല. പറ്റിച്ചതാണെന്ന കാര്യം പ്രമോദിനോട് പറഞ്ഞിട്ടുണ്ട്. ആര്ക്കും പൈസ കൊടുത്തിട്ടില്ല. വിവാദം എവിടെ നിന്ന് എന്തുകൊണ്ട് ഉണ്ടായി എന്നത് നോക്കേണ്ടിയിരിക്കുന്നുവെന്നും ശ്രീജിത്ത് പ്രതികരിച്ചു.
തനിക്ക് ഒരു പരാതിയുമില്ല. പണം കൊടുത്താലല്ലേ പരാതി നല്കേണ്ടതുള്ളൂ. മാധ്യമങ്ങളിലൂടെയാണ് താന് വിവരം അറിയുന്നത്. പ്രമോദ് വേണ്ടപ്പെട്ട സുഹൃത്താണ്. തന്റെ ഭാര്യ ഹോമിയോ ഡോക്ടറാണ്. മംഗലാപുരത്ത് നല്ല ജോലിയുണ്ട്. അവര് നിലവില് അസിസ്റ്റന്റ് പ്രൊഫസറാണ്. ഭാര്യയെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നും ശ്രീജിത്ത് റിപ്പോര്ട്ടര് ടി വിയോട് പറഞ്ഞു.
കോഴ വിവാദവുമായി ബന്ധപ്പെട്ട് സിപിഐഎമ്മില് നിന്ന് പുറത്താക്കപ്പെട്ട പ്രമോദ് കോട്ടുളി ഇന്നലെ ശ്രീജിത്തിന്റെ വീടിന് മുന്നില് കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. അമ്മക്കും മകനുമൊപ്പമായിരുന്നു സമരം. താന് തെറ്റ് ചെയ്തിട്ടില്ലെന്നും തന്നെ അക്രമിക്കുകയാണെന്നും പ്രമോദ് പറഞ്ഞിരുന്നു. താന് പാര്ട്ടിയെ വെല്ലുവിളിച്ചിട്ടില്ല. തന്റെ പാര്ട്ടി തോല്ക്കുന്നത് കാണാന് താന് ആഗ്രഹിക്കുന്നില്ല. പക്ഷെ സത്യാവസ്ഥ എന്റെ അമ്മയെ ബോധ്യപ്പെടുത്തണം. അതിനാണ് കുത്തിയിരിപ്പ് സമരം നടത്തുന്നതെന്നുമായിരുന്നു പ്രമോദിന്റെ പ്രതികരണം. സംഭവത്തിന് പിന്നില് ഗൂഡാലോചനയുണ്ടെന്നും അതു പുറത്തുകൊണ്ടുവരണമെന്നും പ്രമോദ് പറഞ്ഞിരുന്നു.
ജോയിക്കായുള്ള തിരച്ചില് തുടരുന്നു; വെള്ളം പമ്പ് ചെയ്ത് മാലിന്യം ഇളക്കിവിടും
പ്രമോദ് കോട്ടൂളിയെ പാര്ട്ടിയില് നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പാര്ട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടിയെന്നും പിഎസ്സി കോഴയുമായി ബന്ധപ്പെട്ട് ഒരു പരാതിയും പാര്ട്ടിക്ക് ലഭിച്ചിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാര്ട്ടി അച്ചടക്കം ലംഘിച്ചതിനും പാര്ട്ടിയുടെ സല്പ്പേരിന് കളങ്കമുണ്ടാക്കിയതിനുമാണ് നടപടിയെന്നും പി മോഹനന് മാധ്യമങ്ങളെ അറിയിച്ചിരുന്നു. പാര്ട്ടി ഭരണഘടന അനുസരിച്ച് എല്ലാ വശങ്ങളും പരിശോധിച്ചാണ് നടപടി. ഏകകണ്ഠമായാണ് പ്രമോദിനെ പുറത്താക്കാനുള്ള തീരുമാനം ജില്ലാ കമ്മിറ്റിയെടുത്തതെന്നും പി മോഹനന് പറഞ്ഞിരുന്നു. കോഴിക്കോട് ടൗണ് ഏരിയാ കമ്മിറ്റിയംഗമാണ് പ്രമോദ്.