കോഴിക്കോട്: പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയ സംഭവത്തില് സിപിഐഎമ്മിനെതിരെ വിമര്ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. കോഴ വിവാദം ഒതുക്കിതീര്ക്കാനുള്ള നീക്കം നിയമവിരുദ്ധമാണ്. ഇതൊരു പാര്ട്ടി തര്ക്കമല്ല. കോഴ കൊടുത്തതോ വാങ്ങിയതോ നിയമത്താല് നീതീകരിക്കാനാകില്ലെന്നും കെ സുരേന്ദ്രന് പ്രതികരിച്ചു.
മന്ത്രി മുഹമ്മദ് റിയാസ്, എളമരം കരീം, പി മോഹനന് എന്നിവരുടെ വലംകയ്യാണ് പ്രമോദ്. കോഴ വാങ്ങിയ സംഭവം പാര്ട്ടി സ്ഥിരീകരിച്ചിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കിയത്. വാദിയുടെ വീട്ടില് സത്യാഗ്രഹമിരുന്നിട്ടും പൊലീസ് നടപടി എടുക്കുന്നില്ല. എന്തുകൊണ്ടാണ് കേസില് എഫ്ഐആര് ഇടാത്തതെന്നും ചോദ്യം ചെയ്യാത്തതെന്നും സുരേന്ദ്രന് ചോദിച്ചു.
'കേരളത്തില് നിയമവാഴ്ചയുടെ സമ്പൂര്ണ ലംഘനം നടക്കുന്നു. കേരള പൊലീസ് ഇവിടെ നോക്കുകുത്തിയാണ്. സർക്കാർ സ്ഥാപനങ്ങളിൽ പിഎസ്സി നിയമനങ്ങളില് അഴിമതി നടക്കുന്നു. പാര്ട്ടിക്കാരെ തിരുകി കയറ്റുന്നുണ്ട്. പൊലീസ് നിയമനത്തിലടക്കം അഴിമതി വ്യക്തമായിട്ടുണ്ട്. നിയമിക്കപ്പെടുന്ന അംഗങ്ങള് കോഴ വാങ്ങുന്നു. ഡിജിപിക്കും ഗവര്ണര്ക്കും ഔദ്യോഗിക പരാതി നല്കും. ബിജെപിയുടെ പ്രദേശിക നേതാവ് ആരാണെന്ന് മാധ്യമങ്ങള് വെളിപ്പെടുത്തണം. ഇല്ലെങ്കില് മാധ്യമങ്ങള്ക്കെതിരെയും നിയമനടപടി സ്വീകരിക്കും', സുരേന്ദ്രന് പറഞ്ഞു.
കോഴിക്കോട് കെഎസ്ആര്ടിസി നിര്മ്മാണത്തില് വന് അഴിമതി നടന്നുവെന്നും സുരേന്ദ്രന് ആരോപിച്ചു. ഒരന്വേഷണവും നടപടിയുമില്ല. 300 കോടി രൂപ വരുന്ന സ്റ്റീല് കോംപ്ലക്സ് 30 കോടിക്ക് കൊടുക്കുന്നു. കേന്ദ്രത്തിന്റെ അന്വേഷണ ഏജന്സികള് വരേണ്ട സമയത്ത് വരും. ആദ്യം സംസ്ഥാന ഏജന്സി അന്വേഷിക്കുമോയെന്ന് നോക്കാമെന്നും ബിജെപി അധ്യക്ഷന് കൂട്ടിച്ചേര്ത്തു.
ജോയിയെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് സർക്കാർ; തെരച്ചിൽ കൂടുതൽ ഭാഗത്തേക്ക്