ഗവർണറെ മറികടന്ന് സെർച്ച് കമ്മിറ്റി: പോര് പുതിയ തലത്തിലേക്ക്; ഹെെക്കോടതി ഇടപെടല് നിർണ്ണായകം

കേരള സാങ്കേതിക സർവകലാശാലയിലും മലയാളം സർവകലാശാലയിലും സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത് ചാൻസലർ ആണെന്ന് വ്യവസ്ഥയില്ലെന്നാണ് സർക്കാർ വാദം.

തിരുവനന്തപുരം: ഗവർണർ-സർക്കാർ പോര് പുതിയ തലത്തിലേക്ക്. കേരള സാങ്കേതിക സർവകലാശാലയിൽ ഗവർണറെ മറികടന്ന് സർക്കാർ സെർച്ച് കമ്മിറ്റി രൂപീകരിച്ചതോടെയാണ് തർക്കം രൂക്ഷമായത്. ചാൻസിലറും സർക്കാരും സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റികൾ രൂപീകരിച്ചതോടെ വിഷയത്തിൽ കോടതി ഇടപെടൽ നിർണായകമാകും.

സംസ്ഥാനത്തെ ആറ് സർവകലാശാലകളിൽ സെനറ്റ് നോമിനികളില്ലാതെ സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഗവർണർ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഗവർണർക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ സർക്കാരും തീരുമാനിച്ചു. അതിനിടെയാണ് കേരള സാങ്കേതിക സർവകലാശാലയിൽ ഗവർണറെ മറികടന്നുള്ള സർക്കാർ നീക്കം. കെടിയുവിൽ സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇന്നലെ ഉത്തരവിറക്കി. നിയമസഭ പാസാക്കുകയും ഗവർണർ തടഞ്ഞു വയ്ക്കുകയും ചെയ്ത സർവ്വകലാശാലാ ബില്ലിലെ വ്യവസ്ഥ പ്രകാരം ആണ് സെർച്ച് കമ്മിറ്റി രൂപീകരിച്ചത്.

യുജിസി നോമിനിയെയും സർവ്വകലാശാല നോമിനിയെയും ഹയർ എജുക്കേഷൻ കൗൺസിൽ നോമിനിയെയും സർക്കാരിന്റെ രണ്ട് നോമിനികളെയും ഉൾപ്പെടുത്തി വിസിയെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കണം എന്നാണ് ബില്ലിലെ വ്യവസ്ഥ. ഗവർണർ നേരത്തെ പുറത്തിറക്കിയ സെർച്ച് കമ്മിറ്റി ഉത്തരവിൽ നിന്നാണ് യുജിസി നോമിനിയുടെ പേര് സർക്കാരിന് ലഭിച്ചത്.

കേരള സാങ്കേതിക സർവകലാശാലയിലും മലയാളം സർവകലാശാലയിലും സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത് ചാൻസലർ ആണെന്ന് വ്യവസ്ഥയില്ലെന്നാണ് സർക്കാർ വാദം. ഗവർണർക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുമെന്ന് തീരുമാനിച്ചതോടെ കോടതി ഇടപെടലാകും വിഷയത്തിൽ ഇനി നിർണായകം.

To advertise here,contact us