സ്ത്രീ പീഡനക്കേസില് പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി; അന്വേഷണ റിപ്പോര്ട്ട് തേടി ഹൈക്കോടതി

കൂടുതല് സ്ത്രീധനം ആവശ്യപ്പെട്ടും സൗന്ദര്യം പോരെന്നും പറഞ്ഞ് ഭര്ത്താവ് മര്ദിച്ചെന്ന് യുവതി

കൊച്ചി: സ്ത്രീ പീഡനക്കേസില് അന്വേഷണ ഉദ്യോഗസ്ഥനോടു റിപ്പോര്ട്ട് തേടി ഹൈക്കോടതി. പൊലീസ് പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ക്രൈംബ്രാഞ്ചിനോ സിബിഐക്കോ അന്വേഷണം കൈമാറണമെന്നും ആവശ്യപ്പെട്ടു യുവതി നല്കിയ ഹര്ജിയിലാണു കോടതിയുടെ നടപടി. മലപ്പുറം വേങ്ങരയില് നവവധു ഭര്ത്താവിന്റെ ക്രൂരമര്ദനത്തിന് ഇരയായ യുവതിയാണ് പൊലീസില് പരാതി നല്കിയത്.

മേയ് രണ്ടിനായിരുന്നു വേങ്ങര ചുള്ളിപ്പറമ്പ് സൗദിനഗര് സ്വദേശി മുഹമ്മദ് ഫായിസുമായി യുവതിയുടെ വിവാഹം. വിവാഹം കഴിഞ്ഞ് ഒരാഴ്ച്ചക്കകം ക്രൂരമര്ദനം ആരംഭിച്ചെന്ന് യുവതി പൊലീസിനു നല്കിയ പരാതിയില് പറയുന്നു. വിവാഹസമയത്ത് 50 പവന് സ്വര്ണം നല്കിയിരുന്നു. എന്നാല്, കൂടുതല് സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു മര്ദനമെന്ന് യുവതി പൊലീസില് നല്കിയ പരാതിയില് പറയുന്നു.

സൗന്ദര്യം കുറഞ്ഞുപോയെന്ന് ആക്ഷേപിച്ചും സുഹൃത്തുക്കളുടെ പേരു പറഞ്ഞും മര്ദിച്ചു. പരിക്കേറ്റ യുവതിയെ ഭര്തൃവീട്ടുകാര് നാല് തവണ ആശുപത്രിയില് കൊണ്ടുപോയി. മര്ദനവിവരം പുറത്തു പറഞ്ഞാല് സ്വകാര്യചിത്രങ്ങള് പുറത്തുവിടും എന്നായിരുന്നു ഭര്ത്താവിന്റെ ഭീഷണിയെന്ന് പൊലീസില് നല്കിയ പരാതിയില് പറഞ്ഞു. ഫായിസ് ലഹരിക്ക് അടിമയാണെന്നും പരാതിയിലുണ്ട്. യുവതി സ്വന്തം വീട്ടുകാരെ വിളിച്ചുപറഞ്ഞപ്പോള് അവരെത്തി. അടിവയറ്റിലും നട്ടെല്ലിനും ഉള്പ്പെടെ ശരീരമാകെ പരിക്കേറ്റ അവസ്ഥയിലായിരുന്നു യുവതി. അടിയേറ്റ് ഒരു ചെവിയുടെ കേള്വിശക്തി കുറഞ്ഞു. മേയ് 22ന് സ്വന്തം വീട്ടിലേക്കു മടങ്ങി. ഫായിസ്, ഫായിസിന്റെ മാതാവ്, പിതാവ് എന്നിവര്ക്കെതിരെ തുടര്ന്ന് മലപ്പുറം വനിതാ സ്റ്റേഷനില് പരാതി നല്കി.

എന്നാല്, നിസ്സാര വകുപ്പുകളാണ് പൊലീസ് ചുമത്തിയതെന്നു യുവതി പറയുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് തുടര്പരാതി നല്കിയപ്പോഴാണു വധശ്രമം ഉള്പ്പെടെയുള്ള വകുപ്പുകള് ഉള്പ്പെടുത്തിയത്. ഇതിനിടയില് ഫായിസും മാതാപിതാക്കളും മുന്കൂര് ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളി. ഫായിസിന്റെ മാതാവിന് പിന്നീട് ഹൈക്കോടതിയില്നിന്ന് അറസ്റ്റിന് സംരക്ഷണം ലഭിച്ചു. ഫായിസും പിതാവും ഒളിവില് പോയി. ഫായിസ് വിദേശത്തേക്കു കടന്നെന്നാണു യുവതിയുടെ വീട്ടുകാര് പറയുന്നത്. പ്രതികളുടെ മുന്കൂര് ജാമ്യാപേക്ഷ തള്ളിയിട്ടും അറസ്റ്റ് ചെയ്യന്നതടക്കമുള്ള നടപടികളിലേക്കു പൊലീസ് കടന്നില്ല. തുടക്കം മുതല് പ്രതികളെ സഹായിക്കുന്ന നിലപാടാണു പൊലീസ് സ്വീകരിച്ചതെന്നും യുവതി പറയുന്നു.

പന്തീരാങ്കാവ് കേസിൽ ഗാർഹിക പീഡനം അടക്കമുള്ള വകുപ്പുകൾ ചുമത്തി കുറ്റപത്രം

To advertise here,contact us