കോഴിക്കോട്: റിയയൽ എസ്റ്റേറ്റ് വ്യാപാരിക്ക് വേണ്ടി കോഴിക്കോട് സിപിഐഎമ്മിലെ മുതിർന്ന നേതാക്കൾ വഴിവിട്ട സഹായങ്ങൾ ചെയ്തെന്ന് ആരോപണം. പാർട്ടി നേതൃത്വത്തിൻ്റെ സമ്മർദ്ദത്തിൽ വഴങ്ങാത്ത കോഴിക്കോട് നഗരസഭ ഭരണസമിതിയിലെ പ്രധാനി രണ്ട് തവണയാണ് രാജിക്കൊരുങ്ങിയത്. വ്യാപാരിയുടെ സ്ഥാപനത്തിന് കോർപറേഷൻ ചുമത്തിയ പിഴ ഒഴിവാക്കാൻ മുതിർന്ന നേതാക്കൾ സമ്മർദ്ദം ചെലുത്തിയെന്നും ആരോപണമുണ്ട്.
കോഴിക്കോട് ജില്ലയിലെ തലമുതിർന്ന രണ്ട് സിപിഐഎം നേതാക്കൾക്ക് നാദാപുരം സ്വദേശിയായ റിയൽ എസ്റ്റേറ്റ് വ്യാപാരിയുമായുള്ള അടുത്ത ബന്ധമാണ് പാർട്ടിക്കകത്ത് ചർച്ച. നാദാപുരം സ്വദേശിയുടെ പരസ്യ കമ്പനിക്കും ഹോട്ടലിനും വേണ്ടി നേതാക്കൾ വഴിവിട്ട സഹായങ്ങൾ നൽകിയെന്നും ആരോപണമുണ്ട്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പാർട്ടിയിലെ യുവനേതാവിൻ്റെ പരസ്യ കമ്പനിയും റിയൽ എസ്റ്റേറ്റ് വ്യാപാരിയുടെ പരസ്യ കമ്പനിയും തമ്മിൽ തർക്കം രൂപപ്പെട്ടപ്പോഴും നേതാക്കൾ ഇടപെടൽ നടത്തി. പിന്നാലെയാണ് ചേരി തിരിഞ്ഞുള്ള തർക്കം കോഴിക്കോട്ടെ പാർട്ടിക്കകത്ത് രൂക്ഷമായത്.
റിയൽ എസ്റ്റേറ്റ് വ്യാപാരിയുടെ ഉടമസ്ഥതയിൽ കോഴിക്കോട് ബീച്ചിൽ പ്രവർത്തിക്കുന്ന ഹോട്ടലിന് കോർപറേഷൻ പിഴയീടാക്കിയപ്പോഴും മുതിർന്ന നേതാക്കളുടെ ഇടപെടൽ ഉണ്ടായി. അതൃപ്തി പുകഞ്ഞതോടെയാണ് പാർട്ടിയിലെ മുതിർന്ന അംഗവും കോർപറേഷനിലെ ഭരണസമിതി അംഗവുമായ നേതാവ് രണ്ട് തവണ രാജിക്കൊരുങ്ങിയത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട്ടെ എൽഡിഎഫ് സ്ഥാനാർഥിക്ക് പ്രചാരണ വാഹനം വിട്ടുനൽകിയതും ഇതേ വ്യാപാരി തന്നെയാണ്. ഇയാൾ ജില്ലാ കമ്മറ്റി ഓഫീസിൽ മുഴുവൻ സമയം കയറിയിറങ്ങുന്നതിലും എതിർ ചേരിക്ക് അതൃപ്തിയുണ്ട്. നേതാക്കളുടെ വഴിവിട്ട ബിസിനസ് ബന്ധങ്ങൾ കീഴ്ഘടകങ്ങളിൽ നിന്ന് പരസ്യമായി ഉയർന്നു തുടങ്ങിയതിനു പിന്നാലെ പിഎസ്സി കോഴ വിവാദത്തിൽ നടപടി വേഗത്തിലാക്കി രമ്യമായ പരിഹാരത്തിനാണു നേതാക്കളുടെ ശ്രമം.