തിരുവമ്പാടി കെഎസ്ഇബി ഓഫീസിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളി കോടതി

ആക്രമണത്തിൽ മൂന്നു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നായിരുന്നു കെഎസ്ഇബിയുടെ റിപ്പോർട്ട്

കോഴിക്കോട്: തിരുവമ്പാടി കെഎസ്ഇബി ഓഫീസിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അജ്മലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഓഫീസിൽ ആക്രമിച്ചതും നാശനഷ്ടം വരുത്തിയതും ഗൗരവത്തോടെ കാണുന്നു എന്ന് കോടതി പറഞ്ഞു. ജീവനക്കാരുടെ പരാതിയിൽ അജ്മലിനും സഹോദരൻ ഫഹ്ദാനും എതിരെ പൊലീസ് കേസെടുത്തിരുന്നു. ഓഫിസ് ആക്രമിച്ച അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചത് വിവാദമായിരുന്നു. പിന്നീട് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.

ബില്ല് അടക്കാത്തതിനെ തുടർന്നായിരുന്നു അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. ഓൺലൈനായി ബില്ലടച്ച അജ്മൽ ഉടൻ വൈദ്യുതി പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടു. പിറ്റേന്നാണ് ജീവനക്കാര് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ എത്തിയത്. വൈദ്യുതി പുനഃസ്ഥാപിക്കാൻ വൈകിയതുമായി ബന്ധപ്പെട്ട് അജ്മലും ഉദ്യോഗസ്ഥരും തമ്മിൽ തര്ക്കമുണ്ടായി. സംഭവത്തിൽ ജീവനക്കാര് പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് കേസെടുത്തതിൽ പ്രകോപിതനായ അജ്മൽ സഹോദരനൊപ്പം കെഎസ്ഇബി ഓഫിസിലെത്തി ആക്രമണം നടത്തുകയായിരുന്നു എന്നാണ് പരാതി. ആക്രമണത്തിൽ മൂന്നു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നായിരുന്നു കെഎസ്ഇബിയുടെ റിപ്പോർട്ട്.

മുന് അഗ്നിവീറുകള്ക്ക് ബിഎസ്എഫിലും റെയില്വേയിലും 10 ശതമാനം സംവരണം

To advertise here,contact us