നേതാക്കള്ക്കും പ്രവര്ത്തകര്ക്കും കോണ്ഗ്രസിന്റെ പരിശീലന കേന്ദ്രം; ആദ്യത്തേത് കേരളത്തില്

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇന്സ്റ്റിറ്റ്യൂട്ട് ഫോര് ഡവലപ്മെന്റ് സ്റ്റഡീസിലാണ് ആദ്യ കേന്ദ്രം തുടങ്ങുന്നത്

icon
dot image

ന്യൂഡല്ഹി: പാര്ട്ടി അടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോണ്ഗ്രസ് പരിശീലന കേന്ദ്രം ആരംഭിക്കുന്നു. നേതാക്കള്ക്കും അണികള്ക്കുമിടയില് പാര്ട്ടി ആശയങ്ങള് വളര്ത്തിയെടുക്കുന്നതിനുള്ള ചുവടുവെപ്പ് എന്ന നിലയ്ക്കാണ് പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. ഇതിന്റെ ഡയറക്ടറായി പഞ്ചായത്തി രാജ് മന്ത്രാലയം മുന് സീനിയര് കണ്സള്ട്ടന്റ് പി പി ബാലനെ നിയമിക്കും. ജൂലൈ 20 ന് തിരുവനന്തപുരത്തെ കേന്ദ്രത്തില് പി പി ബാലന് ചുമതലയേല്ക്കുമെന്നാണ് വിവരം.

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇന്സ്റ്റിറ്റ്യൂട്ട് ഫോര് ഡവലപ്മെന്റ് സ്റ്റഡീസിലാണ് ആദ്യ കേന്ദ്രം തുടങ്ങുന്നത്. കോണ്ഗ്രസിന്റെ പുനരുജ്ജീവനത്തിന് പ്രത്യയശാസ്ത്ര അവബോധം അനിവാര്യമാണെന്നതിന്റെ അടിസ്ഥാനത്തിലാണ് പരിശീലന കേന്ദ്രം തുടങ്ങാനുള്ള തീരുമാനത്തിലെത്തിയത്. സംഘടനാ ചുമതലയിലേക്ക് വരുന്ന നേതാക്കള്ക്ക് ഉള്പ്പെടെ നിര്ബന്ധിത പരിശീലനം നേടേണ്ടി വരും. ഉദയ്പുര് ചിന്തന് ശിബിരത്തിന്റെ സമാപനവേളയില് കോണ്ഗ്രസ് നേതാവ് സോണിയാ ഗാന്ധി പ്രഖ്യാപിച്ച കേന്ദ്രമാണിത്.

പരിശീലന കേന്ദ്രത്തിന്റെ ചുമതല ഏറ്റെടുക്കാനായി മാര്ച്ച് 3ന് ഡോ ബാലന് പദവി ഒഴിഞ്ഞിരുന്നു. പരിശീലനത്തിനായി പാഠ്യപദ്ധതി തയ്യാറാക്കും. അതിന്റെ പ്രവര്ത്തികള് പുരോഗമിക്കുകയാണെന്നും രാഹുല് നിരന്തരം ആയുധമാക്കുന്ന സ്നേഹം, വെറുപ്പിന്റെ കമ്പോളത്തില് സ്നേഹത്തിന്റെ കടതുറക്കുക, ഭരണഘടനക്കെതിരായ ഭീഷണി തുടങ്ങിയ കാര്യങ്ങള് പാഠ്യപദ്ധതിയില് ഉള്പ്പെടുത്തുമെന്നുമാണ് വിവരം.

ഗവേഷണത്തിനും പഠനത്തിനും താത്പര്യമുള്ള നേതാക്കള്ക്കും പ്രവര്ത്തകര്ക്കും താമസിച്ച് പഠിക്കാനുള്ള സൗകര്യമുണ്ടാവും. തിരുവനന്തപുരത്തെ കേന്ദ്രത്തില് നിലവില് മുന്നൂറോളം മുറികള് സജ്ജമാക്കാനാണ് തീരുമാനം. ഭാവിയില് ഹിമാചല് പ്രദേശിലും കേന്ദ്രം ആരംഭിച്ചേക്കും. ഇതിനായി 25 ഏക്കര് സ്ഥലം കണ്ടെത്തിയിട്ടുണ്ട്.

To advertise here,contact us