VIDEO: 'മുറിവി'ലുള്ളത് പരസ്യമായ രഹസ്യം; ഇതു പറയുമ്പോള് എന്തിനാണിത്ര പൊള്ളുന്നത്?; ഗൗരി ലക്ഷ്മി

തന്റെ വ്യക്തിപരമായ അനുഭവമാണ് കുറിച്ചതെന്നും അവർ പറഞ്ഞു

'മുറിവ്' ഗാനത്തെക്കുറിച്ച് ഉയരുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി ഗായിക ഗൗരി ലക്ഷ്മി. താനതിൽ എഴുതിയിരിക്കുന്നത് പരസ്യമായിട്ടുള്ള രഹസ്യമാണെന്ന് ഗായിക റിപ്പോർട്ടർ ടിവിയുടെ കോഫീ വിത്ത് അരുണിൽ പറഞ്ഞു. ഇതിലൂടെ ആണുങ്ങളെല്ലാം മോശമാണെന്ന് കാണിക്കുകയല്ല ചെയ്യുന്നത്. തന്റെ വ്യക്തിപരമായ അനുഭവമാണ് കുറിച്ചതെന്നും അവർ പറഞ്ഞു. ഒരു ക്രൈം ആയിട്ടും വളരെ നോര്മലായി പോകുന്ന ഒന്നാണ് ഇത്തരം സംഭവങ്ങളെന്നും ഇതു പറയുമ്പോള് എന്തിനാണിത്ര പൊള്ളുന്നതെന്ന് മനസിലാകുന്നില്ലെന്നും ഗൗരി ലക്ഷ്മി പറഞ്ഞു.

ഗൗരിയുടെ വാക്കുകൾ

ഞാനതിൽ എഴുതിയിരിക്കുന്നത് പരസ്യമായിട്ടുള്ള രഹസ്യമാണെന്ന് തോന്നുന്നു. കാരണം ഏത് പെൺകുട്ടിയുടെ അടുത്തുപോയി ചോദിച്ചാലും അവരിത്തരമൊരു അനുഭവം നേരിട്ടിട്ടുണ്ടാകും. ഞാനെന്റെ വ്യക്തിപരമായുണ്ടായ അനുഭവമാണ് കുറിച്ചത്. അതിനർത്ഥം ആണുങ്ങളെല്ലാം ഇങ്ങനെയാണെന്നല്ല. അവരെ വലിച്ചുതാഴെയിടുകയല്ല ചെയ്യുന്നത്. പാട്ട് നല്ലതാണ് മോശമാണ് എന്ന ചർച്ച ഒരു മ്യുസീഷ്യനെ സംബന്ധിച്ച് നല്ലതാണ്. പക്ഷെ ഇവിടെ നടക്കുന്നത് വ്യക്തിപരമായ അധിക്ഷേപമാണ്. ഇത്തരം അനുഭവങ്ങള് നേരിടാത്ത ഒരു പെണ്കുട്ടിയേയും ഞാനിതുവരെ കണ്ടിട്ടില്ല. സംസാരിച്ച മിക്ക പെണ്കുട്ടികള്ക്കും ഇങ്ങനെയുള്ള ദുരനുഭവം ഉണ്ടായിട്ടുണ്ട്.

അന്നെനിക്ക് എട്ട് വയസായിരുന്നു. എന്റെ രക്ഷിതാക്കള്ക്കൊപ്പമാണ് ഞാന് പോയത്. നല്ല തിരക്കുള്ള ബസായിരുന്നു. തിരക്കുകാരണം എന്നെ സീറ്റിന്റെ ഇടയിലേക്ക് കയറ്റി നിര്ത്തി. അവിടെയിരുന്ന ആള് എന്റെ ഡ്രസിനടിയിലൂടെ കയ്യിടാന് നോക്കുകയായിരുന്നു. ഒരു ക്രൈം ആയിട്ടും വളരെ നോര്മലായി പോകുന്ന ഒന്നാണ് ഇത്തരം സംഭവങ്ങള്. ഇതു പറയുമ്പോള് എന്തിനാണിത്ര പൊള്ളുന്നതെന്ന് മനസിലാകുന്നില്ല.

ഇത്തരം പ്രശ്നങ്ങളുണ്ടായാലും വീട്ടില് പറയാത്ത കുട്ടികളുണ്ട്. അവരുടെ തെറ്റായിപ്പോകുമോ എന്നുകരുതി ഉള്ളിലൊതുക്കുന്നവരുണ്ട്. കുട്ടികള്ക്ക് സംസാരിക്കാനുള്ള സ്പെയ്സ് ഒരുക്കുകയാണ് വേണ്ടത്. അവരെന്തു പറഞ്ഞാലും അതു വലിയ കാര്യമൊന്നുമല്ല എന്നു പറഞ്ഞ് തള്ളിക്കളയരുത്. അവരെ എറ്റവും കൂടുതല് സഹായിക്കാന് പറ്റുന്നത് രക്ഷിതാക്കള്ക്കും അധ്യാപകര്ക്കുമാണ്.

To advertise here,contact us