കെഎസ്ഇബി ആക്രമണ കേസ്: വൈദ്യുതി വിച്ഛേദിച്ചതില് മെഴുകുതിരി കത്തിച്ച് പ്രതിഷേധം

തിരുവമ്പാടി കെഎസ്ഇബി ഓഫീസിന് മുന്നില് മെഴുകുതിരി കത്തിച്ചായിരുന്നു പ്രതിഷേധം

കോഴിക്കോട്: തിരുവമ്പാടി കെഎസ്ഇബി ആക്രമണ കേസിൽ തുടര്ന്ന് വൈദ്യുതി വിച്ഛേദിച്ച നടപടിയില് പ്രതിഷേധം. തിരുവമ്പാടി സ്വദേശിയും യൂത്ത് കോണ്ഗ്രസ് പ്രവർത്തകനുമായ അജ്മലിന്റെ വീട്ടിലെ വൈദ്യുതി കണക്ഷനാണ് വിച്ഛേദിച്ചത്. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി അജ്മലിന്റെ മാതാപിതാക്കള് രംഗത്തെത്തിയത്.

തിരുവമ്പാടി കെഎസ്ഇബി ഓഫീസിന് മുന്നില് മെഴുകുതിരി കത്തിച്ചായിരുന്നു പ്രതിഷേധം. അജ്മലിന്റെ പിതാവ് റസാഖും മാതാവുമാണ് പ്രതിഷേധിച്ചത്. കെഎസ്ഇബി പക തീര്ക്കുകയാണെന്നും മകന് ചെയ്ത തെറ്റിന് വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത് എന്തിനാണെന്നും ഇവര് ചോദിച്ചു. പ്രതിഷേധത്തിനിടെ റസാഖ് കുഴഞ്ഞു വീണു. തുടര്ന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

കെഎസ്ഇബി എംഡിയുടെ നിര്ദേശപ്രകാരമായിരുന്നു വൈദ്യുതി വിച്ഛേദിച്ചത്. അജ്മലിന്റെ പിതാവിന്റെ പേരിലാണ് വൈദ്യുതി കണക്ഷനുള്ളത്. അജ്മല് വീട്ടിലെ വൈദ്യുതി ബില് അടച്ചിരുന്നില്ല. രണ്ട് ദിവസം മുന്പ് ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതിന് പിന്നാലെ വൈകീട്ടോടെ അജ്മല് ബില്ലടച്ചു. ഇന്നലെ രാവിലെ വൈദ്യുതി കണക്ഷന് പുനസ്ഥാപിക്കാനെത്തിയ ജീവനക്കാരെ അജ്മല് കയ്യേറ്റം ചെയ്തു. ഇതറിഞ്ഞ അസി.എന്ജീനിയര് പ്രശാന്ത് നല്കിയ പരാതിയില് പൊലീസ് കേസെടുത്തു. ഇത് ചോദ്യം ചെയ്ത് ഇന്ന് രാവിലെ കെഎസ്ഇബി ഓഫിസിലെത്തിയ അജ്മലും ഒപ്പമുണ്ടായിരുന്ന ആളും ചേര്ന്ന് മര്ദ്ദിച്ചെന്നാണ് പരാതി. ഓഫിസും തകര്ത്തു.

ജീവനക്കാര് തന്നെ അജ്മലിനെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തില് പ്രതിഷേധിച്ച് ജീവനക്കാര് തിരുവമ്പാടിയില് പ്രതിഷേധ മാര്ച്ചും നടത്തി. ഇതിന് പിന്നാലെയാണ് വൈദുതി കണക്ഷന് വിച്ഛേദിക്കാന് ഉത്തരവിറങ്ങിയത്.

കെഎസ്ഇബി ഓഫീസ് അതിക്രമം;യൂത്ത്കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിലെ വൈദ്യുതികണക്ഷന് വിച്ഛേദിക്കാൻ ഉത്തരവ്

To advertise here,contact us