കോഴിക്കോട് വയോധികയെ ആക്രമിച്ച് മാല കവർന്ന സംഭവം; ഓട്ടോ ഡ്രൈവർ ഒളിവിൽ

കോഴിക്കോട് ടൗൺ സിഐക്കാണ് കേസിൻ്റെ അന്വേഷണ ചുമതല

കോഴിക്കോട്: നഗരത്തിൽവെച്ച് വയോധികയെ ആക്രമിച്ച കേസിൽ ഓട്ടോ ഡ്രൈവറായ പ്രതി ഒളിവിൽ. പുൽപ്പള്ളി സ്വദേശി ജോസഫീനയുടെ രണ്ടരപവൻ്റെ മാലയാണ് പ്രതി പിടിച്ചുപറിച്ചത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് കെഎസ്ആർടിസിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ആക്രമിക്കപ്പെട്ടത്. കോഴിക്കോട് ടൗൺ സിഐക്കാണ് കേസിൻ്റെ അന്വേഷണ ചുമതല. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം. ഓട്ടോ തിരിച്ചറിയാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. വയനാട് പുൽപ്പള്ളി സ്വദേശിനി 68-കാരി ജോസഫീന ബുധനാഴ്ച പുലർച്ചെയാണ് ആക്രമിക്കപ്പെടുന്നത്.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് ഓട്ടോ കയറിയ ജോസഫീനയെ ഡ്രൈവർ വഴിമധ്യേ ആക്രമിക്കുകയായിരുന്നു. മുൻസീറ്റിൽ നിന്ന് പുറകിലേക്ക് കയ്യിട്ട് ജോസഫീനയുടെ കഴുത്തിലെ രണ്ടര പവൻ തൂക്കം വരുന്ന മാല വലിച്ച് പൊട്ടിച്ചു. കവർച്ചക്കിടെ ജോസഫീന ഓട്ടോയിൽ നിന്നും പുറത്തേക്ക് വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കോഴിക്കോട്ടെ സുമനസ്സുള്ള ഓട്ടോഡ്രൈവർമാരുടെ സൽപേരിന് കളങ്കംവരുത്തുന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് ഓട്ടോ തൊഴിലാളി സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.

To advertise here,contact us