'പാലക്കാട് നിലനിര്ത്തേണ്ടത് അഭിമാനപ്രശ്നം'; തിരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങള് ആരംഭിച്ച് കോണ്ഗ്രസ്

പാലക്കാട് മണ്ഡലത്തിലെ നഗരസഭാ കൗണ്സിലര്മാര്, ജനപ്രതിനിധികള്, പാര്ട്ടി ഭാരവാഹികള് എന്നിവരാണ് യോഗത്തില് പങ്കെടുത്തത്.

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടാന് ആഹ്വാനം ചെയ്ത് ജില്ലാ കോണ്ഗ്രസ് കമ്മറ്റി. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കോണ്ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില് വ്യാഴാഴ്ച യോഗം ചേര്ന്നു. എഐസിസി സെക്രട്ടറി പി വി മോഹനന്റെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. ജില്ലാ അദ്ധ്യക്ഷന് എ തങ്കപ്പന് അദ്ധ്യക്ഷനായി. യോഗത്തില് പങ്കെടുക്കാന് ഷാഫി പറമ്പിലുമെത്തി.

മൂന്ന് തവണ ഷാഫി പറമ്പില് വിജയിച്ച പാലക്കാട് മണ്ഡസം ഉപതിരഞ്ഞെടുപ്പില് നിലനിര്ത്തേണ്ടത് അഭിമാന പ്രശ്നമാണ്. ഇതിനായി ഒറ്റക്കെട്ടായി നീങ്ങാനാണ് തീരുമാനമെന്നും എ തങ്കപ്പന് പറഞ്ഞു. സ്ഥാനാര്ത്ഥി പ്രഖ്യാപനം ഉള്പ്പെടെയുള്ള കാര്യങ്ങള് എഐസിസി നേതൃത്വം തീരുമാനിക്കും. താഴെതട്ടില് പ്രവര്ത്തനം ഊര്ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വി കെ ശ്രീകണ്ഠന് എംപി, കെപിസിസി ജനറല് സെക്രട്ടറിമാരായ സി ചന്ദ്രന്, കെ എ തുളസി, കെപിസിസി സെക്രട്ടറിമാരായ വി ബാബുരാജ്, പി വി രാജേഷ്, യുഡിഎഫ് ജില്ലാ കണ്വീനര് പി ബാലഗോപാല് എന്നിവര് സംസാരിച്ചു. പാലക്കാട് മണ്ഡലത്തിലെ നഗരസഭാ കൗണ്സിലര്മാര്, ജനപ്രതിനിധികള്, പാര്ട്ടി ഭാരവാഹികള് എന്നിവരാണ് യോഗത്തില് പങ്കെടുത്തത്.

കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളില് യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തിരഞ്ഞെടുപ്പില് ഷാഫി പറമ്പില് ജയിച്ചത് 3859 വോട്ടിനാണ്. ലോക്സഭാ തെരഞ്ഞെടുപ്പില് ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തില് നിന്ന് യുഡിഎഫിന് 52,779 വോട്ടാണ് ലഭിച്ചത്. രണ്ടാമതെത്തിയ ബിജെപിയേക്കാള് 9707 വോട്ട് യുഡിഎഫിന് അധികം ലഭിച്ചു.

നഗരസഭ പരിധിയിലും മികച്ച മുന്നേറ്റം നടത്താന് കോണ്ഗ്രസിന് കഴിഞ്ഞു. ഇതേ മുന്നേറ്റം തുടര്ന്നാല് ഉപതെരഞ്ഞെടുപ്പിലെ വിജയം ഉറപ്പെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്. ഷാഫി പറമ്പില് വടകരയില് മത്സരിക്കാന് വണ്ടി കയറിയപ്പോള് തന്നെ പാലക്കാട് പകരക്കാരനാര് എന്ന ചര്ച്ചകള് സജീവമായി ഉയര്ന്നിരുന്നു. യൂത്ത് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് മാങ്കൂട്ടത്തില്, വി ടി ബല്റാം എന്നിവരുടെ പേരുകളാണ് യുഡിഎഫില് നിന്ന് സജീവ പരിഗണനയിലുള്ളത്.

To advertise here,contact us