കോണ്ഗ്രസില് പുതിയ സമവാക്യം, സുധാകരനുമായി കൈകോർക്കാൻ മുരളീധരൻ?; സതീശനെയും ചെന്നിത്തലയെയും തഴഞ്ഞു

ഈ പരിപാടിയിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്കോ പ്രതിപക്ഷ നേതാവ് വി ഡി സതീശനോ ക്ഷണമില്ല

തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ പുതിയ സമവാക്യങ്ങളുടെ സാധ്യതകൾ തെളിയുന്നതായി സൂചന. കെ കരുണാകരൻ ജന്മദിന അനുസ്മരണത്തിൽ കെ സുധാകരനെ മാത്രമാണ് മുരളീധരന് ക്ഷണിച്ചത് എന്നതാണ് പുതിയ സൂചനയ്ക്കടിസ്ഥാനം.

കെ മുരളീധരന്റെ നേതൃത്വത്തിൽ ഈ മാസം അഞ്ചാം തീയ്യതി തിരുവനന്തപുരത്തുവെച്ചാണ് അനുസ്മരണ പരിപാടി. ഈ പരിപാടിയിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്കോ പ്രതിപക്ഷ നേതാവ് വി ഡി സതീശനോ ക്ഷണമില്ല. ആകെ കെപിസിസി പ്രസിഡന്റ് സുധാകരന് മാത്രമാണ് ക്ഷണമുള്ളത്.

തൃശ്ശൂരിലെ തോൽവിക്ക് ശേഷം മുരളീധരനെ നേരിട്ടുകണ്ട് ആശ്വസിപ്പിച്ച ഒരേയൊരു നേതാവ് കെ സുധാകരൻ മാത്രമായിരുന്നു. കോഴിക്കോടുള്ള വീട്ടിൽച്ചെന്നായിരുന്നു സുധാകരൻ മുരളീധരനെ കണ്ടത്. ശേഷം താൻ മാറിനിന്ന് മുരളീധരന് കെപിസിസി അധ്യക്ഷസ്ഥാനം നൽകാനും തയ്യാറെന്ന തരത്തിലുള്ള പ്രതികരണവും നടത്തിയിരുന്നു. എന്തുകൊണ്ട് മറ്റ് നേതാക്കൾ കാണാൻ വന്നില്ലെന്ന ചോദ്യത്തിന് പല നേതാക്കളും തിരക്കുള്ളവരല്ലേ, അവരൊക്കെ അങ്ങ് പൊയ്ക്കോട്ടേ എന്ന തരത്തിലുള്ള പ്രതികരണമാണ് മുരളീധരൻ നൽകിയത്.

മുരളീധരന്റെ നേതൃത്വത്തിലുളള കരുണാകരൻ സ്റ്റഡി സെന്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്. രമേശ് ചെന്നിത്തലയ്ക്കും വി ഡി സതീശനും ക്ഷണമില്ലാത്തതോടെ പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ നിന്ന ആളുകൾ മതി എന്ന നിലപാടിലേക്ക് മുരളീധരൻ പോകുന്നുവെന്നാണ് സൂചന.

To advertise here,contact us