ഗുരുദേവ കോളേജിലെ പ്രിൻസിപ്പാളിനും വിദ്യാർത്ഥികൾക്കും സംരക്ഷണം നൽകണം, പൊലീസ് ഇടപെടണം: ഹൈക്കോടതി

കോളേജ് പ്രിൻസിപ്പലിന്റെ ഹർജിയിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

കൊച്ചി: ഗുരുദേവ കോളേജിലെ എസ്എഫ്ഐ സംഘർഷത്തിൽ പൊലീസ് ശക്തമായി ഇടപെടണമെന്ന് ഹൈക്കോടതി. കോളേജിനും പ്രിൻസിപ്പാൾ, വിദ്യാർത്ഥികൾ എന്നിവർക്കും പൊലീസ് സംരക്ഷണമൊരുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ക്യാമ്പസിനകത്തും പുറത്തും ക്രമസമാധാനം ഉറപ്പാക്കാനും കോടതി പൊലീസിന് നിർദ്ദേശം നൽകി. കോളേജ് പ്രിൻസിപ്പലിന്റെ ഹർജിയിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എസ്എഫ്ഐ നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു.

കോളേജില് എസ്എഫ്ഐ ഹെല്പ് ഡസ്ക് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തര്ക്കമാണ് പ്രിന്സിപ്പലിനെ കൈയേറ്റം ചെയ്യുന്നതിലേക്കും സംഘർഷത്തിലേക്കുമെത്തിയത്. പുറത്ത് നിന്ന് എസ്എഫ്ഐ നേതാക്കള് കോളേജില് എത്തിയെന്നും ഇവര് മര്ദിച്ചതെന്നുമാണ് പ്രിന്സിപ്പല് സുനില് ഭാസ്കറിന്റെ ആരോപണം.

പ്രിന്സിപ്പല് മര്ദിച്ചെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്റ് അഭിനവും ചികിത്സതേടിയിരുന്നു. അഭിനവിന്റെ ചെവിയുടെ കര്ണപടത്തിനാണ് പരിക്ക്. ഇരുകൂട്ടരുടെയും പരാതിയില് പ്രിന്സിപ്പലിന് എതിരെയും, കണ്ടാല് അറിയാവുന്ന 20 ഓളം എസ്എഫ്ഐ പ്രവര്ത്തകര്ക്ക് എതിരെയും കൊയിലാണ്ടി പൊലീസ് കേസ് എടുത്തിട്ടുണ്ട്. പ്രിന്സിപ്പലിന് എതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ കോളേജിലേക്ക് പ്രതിഷേധ മാര്ച്ച് നടത്തി. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞത് ഉന്തുംതള്ളിലും കലാശിച്ചു. അതേസമയം എസ്എഫ്ഐ പ്രവര്ത്തകനെ താന് മര്ദിച്ചിട്ടില്ലെന്നാണ് പ്രിന്സിപ്പലിന്റെ വാദം.

ഇതിനിടെ തങ്ങളുടെ നേതാവിനെ മര്ദിച്ച അധ്യാപകന് രണ്ടുകാലില് കോളേജില് കയറില്ലെന്ന് എസ്എഫ്ഐ ഏരിയാ സെക്രട്ടറി നവതേജ് ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില് അത് ചെയ്യാനുള്ള കഴിവ് എസ്എഫ്ഐക്കുണ്ട്. അധികാരികള്ക്ക് കഴിയുന്നില്ലെങ്കില് ഈ അധ്യാപകരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എസ്എഫ്ഐക്ക് അറിയാം. ഇപ്പോള് സംയമനം പാലിക്കുകയാണെന്നും നവതേജ് പറഞ്ഞിരുന്നു. പ്രിന്സിപ്പലിനെ അടിച്ചു ആശുപത്രിയില് ആക്കാന് തീരുമാനിച്ചിട്ടില്ല അങ്ങനെ ഒരു തീരുമാനം എടുത്തിരുന്നെങ്കില് അതും ചെയ്യുമെന്നും നവതേജ് പ്രസംഗത്തിൽ പറഞ്ഞിരുന്നു.

To advertise here,contact us