കാര്യവട്ടം ക്യാമ്പസിലെ സംഘർഷം; എസ്എഫ്ഐ - കെഎസ്യു പ്രവർത്തകരുടെ പരാതിയിൽ കേസ്

എംഎൽഎയെ തടഞ്ഞ് കയ്യേറ്റം ചെയ്തുവെന്ന പരാതിയിലും കേസ് എടുത്തു

തിരുവനന്തപുരം: കാര്യവട്ടം ക്യാംപസിലെ എസ്എഫ്ഐ - കെഎസ്യു പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിൽ പൊലീസ് കേസെടുത്തു. ഇരു വിഭാഗത്തിന്റെയും പരാതിയിലാണ് കേസ്. എംഎൽഎയെ തടഞ്ഞ് കയ്യേറ്റം ചെയ്തുവെന്ന പരാതിയിലും കേസ് എടുത്തു.

അതേസമയം, പരിക്കേറ്റ് ചികിത്സയിലായിരുന്ന തങ്ങളുടെ പ്രവർത്തകരെ എസ്എഫ്ഐ വിദ്യാർത്ഥികൾ മെഡിക്കൽ കോളേജിൽ കയറി ആക്രമിച്ചെന്ന് കെഎസ്യു ആരോപിച്ചു. പുലർച്ചെ അഞ്ചുമണിയോടെ എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രിയിൽ കയറി മർദ്ദിച്ചു എന്നാണ് ആരോപണം.

കഴിഞ്ഞ ദിവസം രാത്രിയിലാണ് തിരുവനന്തപുരം കാര്യവട്ടം ക്യാംപസിലും ശ്രീകാര്യം പൊലീസ് സ്റ്റേഷന് മുന്നിലും എസ് എഫ് ഐ - കെ എസ് യു പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ എം വിൻസൻ്റ് എം എൽ എ യെ എസ്എഫ്ഐ പ്രവർത്തകർ കൈയേറ്റം ചെയ്തു. ഏറ്റുമുട്ടലിൽ ഒരു കെഎസ്യു പ്രവർത്തകനും പൊലീസുകാരനും പരിക്കേറ്റു.

ഇന്നലെ രാത്രി എട്ടുമണിയോടെ കാര്യവട്ടം ക്യാംപസിലാണ് സംഘർഷം തുടങ്ങിയത്. ക്യാംപസിലെ വിദ്യാർഥിയും കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറിയുമായ സാൻജോസിനെ ഇടിമുറിയിൽ പൂട്ടിയിട്ട് എസ് എഫ് ഐ പ്രവർത്തകർ അതിക്രൂരമായി മർദിച്ചെന്നാണ് പരാതി. മർദിച്ച എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ എസ് യു പ്രവർത്തകർ ശ്രീകാര്യം പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഇവിടേയ്ക്ക് എസ് എഫ് ഐ പ്രവർത്തകർ കൂടി എത്തിയതോടെ ഇരുവിഭാഗവും ചേരിതിരിഞ്ഞ് പോർവിളിയിലേക്ക് നീങ്ങി.

To advertise here,contact us