കലയെ കൊന്നതെന്ന് നിരന്തരമായ ഊമക്കത്ത്, പിന്നിൽ അനിലിന്റെ ബന്ധു? തിരോധാനത്തിന്റെ ചുരുളഴിയുന്നു

കലയെ കാണാതായതല്ലെന്നും കൊല്ലപ്പെട്ടതാണെന്നും കാണിച്ച് പൊലീസിന് നിരന്തരമായി ഊമക്കത്ത് ലഭിച്ചിരുന്നു

ആലപ്പുഴ: പതിനഞ്ച് വർഷത്തിന് ശേഷം മാന്നാര് സ്വദേശിയായ കലയുടെ തിരോധാനം വീണ്ടും പൊലീസ് ഗൗരവമായി എടുക്കുന്നത് നിരന്തരമായി ലഭിച്ച ഊമക്കത്തിലൂടെ. കലയെ കാണാതായതല്ലെന്നും കൊല്ലപ്പെട്ടതാണെന്നും കാണിച്ച് പൊലീസിന് നിരന്തരമായി ഊമക്കത്ത് ലഭിച്ചിരുന്നു. ഇതോടെയാണ് തീരോധാനത്തിൽ പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചത്.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കല കൊല്ലപ്പെട്ടതാകാമെന്ന നിഗമനത്തിലെത്തിയത്. സംഭവത്തില് അനിലിന്റെ സൃഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് കല കൊല്ലപ്പെട്ടതാണെന്ന് സുഹൃത്തുക്കൾ സമ്മതിച്ചു. കലയെ കൊന്ന് സെപ്റ്റിക് ടാങ്കിലിട്ടുവെന്നാണ് സുഹൃത്തുക്കളുടെ മൊഴി. ഇതോടെ കലയുടെ ഭർത്താവായിരുന്ന അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു.

കലയെ കാണാതായ സമയത്ത് ബന്ധുക്കള് അമ്പലപ്പുഴ പൊലീസില് പരാതി നൽകിയിരുന്നെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നിരുന്നില്ല. നിലവിൽ കസ്റ്റഡിയിലുള്ളത് അനിലിന്റെ ബന്ധുക്കളാണ്. എന്നാൽ ഊമക്കത്തയച്ചതിന് പിന്നിലാരെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. അനിലിന്റെ ബന്ധുക്കളിലൊരാളാകാം ഊമക്കത്തെഴുതിയതെന്നും കൃത്യം നടന്നത് കൃത്യമായി അറിയാവുന്നവർ തന്നെയായിരിക്കും അതെന്ന അനുമാനത്തിലാണ് പൊലീസ്.

കാണാതാകുമ്പോൾ കലയ്ക്ക് 20 വയസ്സായിരുന്നു പ്രായം. കലയും അനിലും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. എന്നാൽ പിന്നീട് ഇവർക്കിടയിൽ എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. കലയെ കാണാതായതിന് ശേഷം അനില് വിദേശത്തേക്ക് ജോലി ആവശ്യാര്ഥം പോകുകയായിരുന്നു. ഇയാള് പിന്നീട് വീണ്ടും വിവാഹിതനാകുകയും ചെയ്തു.

To advertise here,contact us