കൊച്ചി: ആരോഗ്യ-ശാസ്ത്ര സര്വ്വകലാശാലകള്ക്ക് കീഴില് നടന്ന കോളേജ് യൂണിയന് തിരഞ്ഞെടുപ്പില് മുന്നേറ്റമുണ്ടാക്കി കെഎസ്യു. 28 വര്ഷങ്ങള്ക്ക് ശേഷം പരിയാരം മെഡിക്കല് കോളേജ് യൂണിയന് യുഡിഎസ്എഫ് പിടിച്ചെടുത്തു. തിരുവനന്തപുരം ഗവണ്മെന്റ് ഹോമിയോപതിക് മെഡിക്കല് കോളേജില് മുഴുവന് സീറ്റിലും കെഎസ്യു വിജയിച്ചു. വയനാട് ഗവ. മെഡിക്കല് കോളേജിന്റെ കീഴിലുള്ള നേഴ്സിംഗ് കോളേജില് യുഡിഎസ്എഫ് മുഴുവന് സീറ്റുകളിലും വിജയം നേടി. 8 വര്ഷങ്ങള്ക്ക് ശേഷം തിരഞ്ഞെടുപ്പ് നടന്ന അങ്കമാലി എസ്എംഇ കോളേജില് 16 ല് 14 സീറ്റിലും, കോഴിക്കോട് ഗവ. ഹോമിയോപതിക് മെഡിക്കല് കോളേജിലും പാല എസ്എംഇ, പത്തനംതിട്ട ഗവ മെഡിക്കല് കോളേജിലും കെഎസ്യുവിന് യൂണിയന് നേടാനായി.
വര്ഷങ്ങള്ക്ക് ശേഷം തിരുവനന്തപുരം എസ്.ഐ.എം.ഇ.റ്റി നഴ്സിംഗ് കോളേജില് മൂന്ന് സീറ്റിലും, ഇടുക്കി മെഡിക്കല് കോളേജില് രണ്ട് വൈസ് ചെയര്പേഴ്സണ്, ജന:സെക്രട്ടറി, യൂണിവേഴ്സിറ്റി യൂണിയന് കൗണ്സിലര്, ആര്ട്സ് ക്ലബ് സെക്രട്ടറി സീറ്റുകളിലും നെഴ്സിംഗ് കോളേജില് കൗണ്സിലര് സീറ്റിലും കെഎസ്യു വിജയിച്ചു. കോട്ടയം മെഡിക്കല് കോളേജിലെ ജോയിന്റ് സെക്രട്ടറി, മാഗസിന് എഡിറ്റര്, സ്പോര്ട്സ് സെക്രട്ടറി, 3 ബാച്ച് റെപ്പ് ഉള്പ്പടെ 6 സീറ്റ് കെഎസ്യു വിജയിച്ചു.
ക്യാമ്പസ് ജോഡോ സര്വ്വകലാശാല തല ശില്പശാല നടത്തിയ ശേഷമാണ് കെഎസ്യു കോളേജ് യൂണിയന് തിരഞ്ഞെടുപ്പുകളെ നേരിട്ടതെന്നും എസ്എഫ്ഐയുടെ ദാര്ഷ്ട്യം നിറഞ്ഞ രാഷ്ട്രീയത്തിന് വിദ്യാര്ത്ഥി സമൂഹം നല്കിയ മറുപടിയാണ് കെ എസ് യു ആരോഗ്യ സര്വ്വകലാശാലയില് നേടിയ വിജയമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര് വ്യക്തമാക്കി.