'ഒപ്പം നിന്ന് പണികൊടുക്കുക, അതേ നടക്കൂ'; തമ്മിൽ തല്ലിച്ചാലെ നിലനിൽപ്പുള്ളൂ എന്ന് കെഎസ്യു നേതാവ്

മറ്റ് നേതാക്കളെ തമ്മിൽ തല്ലിച്ചാൽ മാത്രമേ രമേശ് ചെന്നിത്തല വിഭാഗത്തിന് നിലനിൽപ്പുള്ളൂ എന്നാണ് വൈസ് പ്രസിഡണ്ടന്റ് പറയുന്നത്.

കണ്ണൂർ: ജില്ലയിലെ കെഎസ്യു നേതൃത്വത്തിൽ വിഭാഗീയത രൂക്ഷം. മറ്റ് നേതാക്കളെ തമ്മിൽ തല്ലിച്ചാൽ മാത്രമേ നിലനിൽപ്പുള്ളൂ എന്ന് ജില്ലാ വൈസ് പ്രസിഡന്റ് അർജുൻ കോറം പ്രതികരിക്കുന്നതിന്റെ ഓഡിയോ സന്ദേശം പുറത്ത്. ചെന്നിത്തല വിഭാഗത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് സന്ദേശം പുറത്തായത്.

കോൺഗ്രസിലെ വിഭാഗീയത വിദ്യാർത്ഥി സംഘടനകളിലും രൂക്ഷമാകുന്നുവെന്നതിന്റെ തെളിവാണ് കെഎസ്യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റിന്റെ ശബ്ദ സന്ദേശം. മറ്റ് നേതാക്കളെ തമ്മിൽ തല്ലിച്ചാൽ മാത്രമേ രമേശ് ചെന്നിത്തല വിഭാഗത്തിന് നിലനിൽപ്പുള്ളൂ എന്നാണ് വൈസ് പ്രസിഡണ്ടന്റ് പറയുന്നത്. സുധാകരൻ വിഭാഗത്തിലെ വിഭാഗീയത നിലനിർത്തണമെന്നും നിർദ്ദേശിക്കുന്നുണ്ട്.

'എല്ലാ പരിപാടി നടത്തുമ്പഴും നമ്മളാ പരിപാടി നടത്തുന്നത് എന്ന മാതിരി നമ്മള് ഷൈൻ ചെയ്യുവ... ഗ്രൂപ്പ് വരുമ്പോ സുധാകരൻ വിഭാഗം എന്ന് രണ്ട് ടീമാ ഉള്ളത്, അവരുടെ പ്രശ്നങ്ങൾ നിലനിർത്തണം. ആ ടീമിനെ ഒന്നിപ്പിക്കാതിരിക്കണം. ആ ടീം ഒന്നിച്ചാ നമ്മൾ ഒന്നും അല്ലാണ്ടാവും. നമ്മള് ആ ടീമിനേം ഒന്നിപ്പിക്കാതിരിക്കണം. മൂന്നാം ഗ്രൂപ്പിനേം തമ്മിൽ തല്ലിപ്പിക്കണം. എ ഗ്രൂപ്പിനേം തമ്മിൽ തല്ലിക്കണം. എന്നാലേ നമ്മൾക്ക് എന്തെങ്കിലും കാര്യമുള്ളൂ... നമ്മള് കളിക്കണം, എന്നാ നമ്മളാണെന്ന് മനസ്സിലാകരുത്... റായ്ബായി ക്ലോസാകണം. ക്ലോസ്സാകണം ന്ന് പറഞ്ഞാ ഒപ്പരം നിന്നിട്ട് പണി കൊടുക്കുവാ അതേ നടക്കുള്ളു ഇനി.' - എന്നാണ് കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റിന്റെ ഓഡിയോ സന്ദേശം.

ജില്ലയിൽ കെഎസ്യു അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന സമയത്ത് തന്നെ വിഭാഗീയത നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോൾ ഉണ്ടായിട്ടുള്ള ഗ്രൂപ്പ് തർക്കവും. കൂടെ നിന്ന് പണി കൊടുക്കുകയാണ് വേണ്ടതെന്ന് ജില്ലാ വൈസ് പ്രസിഡന്റിന്റെ ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. മലബാറിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധി അടക്കമുള്ള നിരവധി വിദ്യാർത്ഥി വിഷയങ്ങളിൽ പ്രതിപക്ഷ സംഘടനകൾ ഇടപെടേണ്ട സാഹചര്യത്തിലാണ് കെഎസ്യുവിൽ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്.

To advertise here,contact us