വീണാ ജോർജ്ജിൻ്റെ ഭർത്താവിൻ്റെ കെട്ടിടത്തിന് മുന്നിലെ ഓട അലൈൻമെൻ്റ്; ഇന്ന് പൊലീസ് സ്റ്റേഷൻ മാർച്ച്

പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കൊടുമൺ പൊലീസ് സ്റ്റേഷനിലേക്കാണ് പ്രതിഷേധ മാർച്ച്

പത്തനംതിട്ട: കൊടുമൺ ഓട അലൈൻമെൻ്റ് വിഷയത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കൊടുമൺ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തും നിലവിലെ അലൈൻമെൻ്റ് തീരുമാനിച്ചതിൽ ഉന്നതതല ഇടപെടൽ നടന്നതായി കോൺഗ്രസ് ആരോപിക്കുന്നു. കോൺഗ്രസിൻ്റെ പ്രതിഷേധം മറികടന്ന് ഓട നിർമ്മാണം തുടരാനാണ് സർക്കാർ തീരുമാനം.

മന്ത്രി വീണാ ജോർജ്ജിൻ്റെ ഭർത്താവ് ജോർജ്ജ് ജോസഫിൻ്റെ കൊടുമണ്ണിലെ കെട്ടിടത്തിന് മുന്നിലെ ഓടയുടെ അലൈൻമെൻ്റിൽ മാറ്റം വരുത്തി എന്നാണ് കോൺഗ്രസ് നേരത്തേ ആരോപിച്ചിരുന്നത്. എന്നാൽ കെട്ടിടത്തിന് മുന്നിൽ അലൈൻമെൻ്റ് പ്രകാരം റോഡിന് ഓട ഉൾപ്പെടെ 12 മീറ്റർ വീതിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ അലൈൻമെൻ്റ് നിശ്ചയിച്ചതിൽ ഉന്നതതല ഇടപെടൽ നടന്നതായാണ് കോൺഗ്രസിൻ്റെ നിലവിലെ ആരോപണം. ജോർജ്ജ് ജോസഫിൻ്റെ കെട്ടിടത്തിന് സമീപമുള്ള റോഡരുകിലെ ട്രാൻസ്ഫോർമർ അലൈൻമെൻ്റിൻ നിന്നും ഒഴിവാക്കിയത് ഉന്നതതല ഇടപെടൽ മൂലമാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.

കോൺഗ്രസിൻ്റെ പ്രതിഷേധം മറികടന്ന് ഓടയിലെ വെള്ളം വറ്റിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. നിലവിലെ അലൈൻമെൻ്റ് പ്രകാരം തന്നെ റോഡ് ഓട നിർമ്മാണം തുടരാനാണ് പൊതുമരാമത്ത് വകുപ്പിൻ്റെ തീരുമാനം. പൊതുമരാമത്ത് വകുപ്പിൻ്റെ തീരുമാനത്തെ പിന്തുണച്ച് ഡിവൈഎഫ്ഐ യും രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് പ്രതിഷേധത്തെ പൊലീസ് അടിച്ചൊതുക്കുന്നു എന്നാരോപിച്ചാണ് ഇന്ന് കൊടുമൺ പൊലീസ് സ്റ്റേഷനിലേക്ക് ഡിസിസിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തുന്നത്. ഇന്നലെ സ്ഥലത്ത് പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

To advertise here,contact us