'കണ്ണൂരില് നിന്ന് കേള്ക്കുന്ന കഥകള് ചെങ്കൊടിക്ക് അപമാനം': വിമര്ശിച്ച് ബിനോയ് വിശ്വം

സ്വര്ണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകളാണ് പുറത്തുവരുന്നതെന്നും ബിനോയ് വിശ്വം

തിരുവനന്തപുരം: കണ്ണൂര് സിപിഐഎമ്മിലെ പ്രശ്നങ്ങളില് ഇടപെട്ട് സിപിഐ. കണ്ണൂരില് നിന്ന് കേള്ക്കുന്ന കഥകള് ചെങ്കൊടിക്ക് അപമാനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമര്ശിച്ചു. സ്വര്ണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമൂഹമാധ്യമങ്ങളില് ഇടതുപക്ഷ വേഷം കെട്ടുന്നവര് അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് പൊറുക്കാവുന്നതല്ല. പ്രസ്ഥാനത്തിന്റെ തിരിച്ചടികളില് ഇത്തരക്കാരുടെ പങ്ക് ചെറുതല്ല. അവര്ക്ക് മാപ്പില്ലെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ വിചാരവികാരങ്ങളെയും വിശ്വാസങ്ങളെയും സിപിഐ മാനിക്കുമെന്നും ബിനോയ് വിശ്വം പ്രസ്താവനയില് പറയുന്നു.

പ്രസ്താവയുടെ പൂര്ണരൂപം:

കണ്ണൂരില് നിന്നും കേള്ക്കുന്ന വാര്ത്തകള് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ബന്ധുക്കളെ ആകെ വേദനിപ്പിക്കുന്നതാണ്. കയ്യൂരിന്റെയും കരിവള്ളൂരിന്റെയും തില്ലങ്കേരിയുടെയും പാരമ്പര്യമുള്ള മണ്ണാണത്. അവിടെ നിന്ന് സ്വര്ണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകള് പുറത്തു വരുന്നത് ചെങ്കൊടിക്ക് അപമാനമാണ്. സമൂഹ മാധ്യമങ്ങളില് ഇടതുപക്ഷത്തിന്റെ രക്ഷക വേഷം കെട്ടുന്നവര് അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് ഇടതുപക്ഷത്തിന്റെ ബന്ധുക്കള്ക്ക് പൊറുക്കാവുന്നതല്ല. പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളില് ഇത്തരക്കാരുടെ പങ്കും ചെറുതല്ല.

ഇടതുപക്ഷം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള് മറന്നുവോയെന്ന് ചിന്തിക്കാന് ജനങ്ങളെ പ്രേരിപ്പിക്കുന്നത് ഈ കൂട്ടരാണ്. അവരില് നിന്ന് ബോധപൂര്വം അകല്ച്ച പാലിച്ചുകൊണ്ടേ ഇടതുപക്ഷത്തിന് ജനവിശ്വാസം വീണ്ടെടുത്ത് മുന്നേറാന് ആകൂ. പ്രസ്ഥാനത്തില് വിശ്വാസം അര്പ്പിച്ച ലക്ഷോപലക്ഷം ജനങ്ങളോട് നീതികാണിക്കാന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കടമയുണ്ട്. അവരുടെ കൂറും വിശ്വാസവും ആണ് കമ്മ്യൂണിസ്റ്റുകാര്ക്ക് വലുത്.

ചീത്തപ്പണത്തിന്റെ ആജ്ഞാനുവര്ത്തികളായി മാറി അധോലോകത്തെ പിന്പറ്റുന്നവര് ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവരാണ്. അവര്ക്ക് മാപ്പില്ലായെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ വിചാര വികാരങ്ങളെയും വിശ്വാസങ്ങളെയും സി പി ഐ എന്നും മാനിക്കുമെന്നു സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

To advertise here,contact us