'ഇടത് ഭരണം അധോലോക സംഘങ്ങൾക്ക് കുടപിടിക്കുന്നു'; മനു തോമസ് വിഷയത്തില് വി ഡി സതീശൻ

ടി പി കേസ് പ്രതികൾ സിപിഐഎമ്മിനെ ബ്ലാക്ക് മെയിൽ ചെയ്തുകൊണ്ടിരിക്കുന്നുവെന്ന് വി ഡി സതീശന്

icon
dot image

തിരുവനന്തപുരം: അധോലോക സംഘങ്ങൾക്ക് മുഴുവൻ ഇടതുഭരണം കുടപിടിച്ചു കൊടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൊലീസ് എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ്. സിപിഐഎം സൈബർ ഹാൻഡിലുകൾ പരസ്പരം പോരടിക്കുകയാണ്. മനു തോമസിന്റെ വെളിപ്പെടുത്തലുകളിൽ അന്വേഷണത്തിന് സർക്കാർ തയ്യാറാകണം. കേരളം ഭരിക്കുന്ന പാർട്ടിയുടെ തനിനിറമാണ് പുറത്തായത്. ടി പി കേസ് പ്രതികൾ സിപിഐഎമ്മിനെ ബ്ലാക്ക് മെയിൽ ചെയ്തുകൊണ്ടിരിക്കുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.

മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ് നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്. കാലങ്ങളായി സർക്കാരിനെതിരെയും സിപിഐഎമ്മിനെതിരെയും പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളാണ് ഇവയെല്ലാം. പി ജയരാജനും മകനുമെതിരെ ഉയർത്തിയിരിക്കുന്നത് വലിയ വെളിപ്പെടുത്തലുകളാണ്. മനു തോമസിന് ഇപ്പോൾ ജീവന് ഭീഷണിയുണ്ട്. മയക്കുമരുന്ന് കേസുകളിലെ പ്രതികളാണ് ഭീഷണിയുമായി വരുന്നത്. ശുഹൈബ് വധത്തിൽ സിപിഐഎമ്മിന് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയത് ആകാശ തില്ലങ്കേരിയാണ്. അതേ ആകാശ് തില്ലങ്കേരി ഇപ്പോൾ പാർട്ടിക്ക് വേണ്ടി വാദിക്കുന്നു. ആരോപണമുന്നയിക്കുന്നത് വെറും സാധാരണക്കാരനല്ല. ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ചയാളാണ് ഷാജറെന്നും സതീശൻ കൂട്ടിച്ചേർത്തു.

പി ജയരാജന് വേണ്ടി എന്തുകൊണ്ടാണ് സ്വര്ണ്ണക്കടത്ത് ക്വട്ടേഷന് സംഘാംഗങ്ങളായ അര്ജുന് ആയങ്കിയും ആകാശ് തില്ലങ്കേരിയും പ്രതിരോധം തീര്ക്കാന് വരുന്നതെന്ന ചോദ്യവുമായി മനു തോമസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മനു തോമസിനെതിരെ ഭീഷണിയുമായി ഇരുവരും കഴിഞ്ഞ ദിവസം ഫേസ്ബുക്കില് കുറിച്ചിരുന്നു. കാര്യങ്ങള് പെട്ടെന്ന് കൈകാര്യം ചെയ്യാന് പാര്ട്ടി ക്വട്ടേഷന് സംഘാഗങ്ങളെ ഏല്പ്പിച്ചിട്ടുണ്ടോ എന്ന് നേതൃത്വം മറുപടി പറയണമെന്ന് മനു പറഞ്ഞിരുന്നു. പി ജയരാജന് അടക്കം നേതാക്കളാരും തന്നെ ബന്ധപ്പെട്ടിട്ടില്ല. പാര്ട്ടിക്കുള്ളില് ഉണ്ടായിരുന്നപ്പോള് താന് പറഞ്ഞ പലകാര്യങ്ങളിലും നടപടിയുണ്ടായിട്ടില്ല. അതാണ് ഇപ്പോള് പുറത്തുവന്നപ്പോള് ഇതെല്ലാം തുറന്നുപറയുന്നതും മനു തോമസ് തുറന്നുപറഞ്ഞിരുന്നു.

പാര്ട്ടിയില് നിന്ന് പുറത്താക്കിയ മനുവിനെതിരെ നേരത്തെ സ്വര്ണ്ണക്കടത്ത് ക്വട്ടേഷന് സംഘങ്ങള് രംഗത്തെത്തിയിരുന്നു. ഇതിനെതിരെ മനു തോമസും പ്രതികരിച്ചിരുന്നു. പി ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോള് കൊലവിളിയുമായി എത്തിയത് ക്വട്ടേഷന്-സ്വര്ണം പൊട്ടിക്കല് മാഫിയ സംഘത്തലവന്മാരാണെന്ന് മനു തോമസ് വിമര്ശിച്ചിരുന്നു. ടി പി ചന്ദ്രശേഖരന് വധവും ഷുഹൈബ് വധവും വിപ്ലവമായിരുന്നില്ല, വൈകൃതമായിരുന്നുവെന്നും മനു തോമസ് തന്റെ ഫേസ് ബുക്ക് പോസ്റ്റില് നേരത്തെ പറഞ്ഞിരുന്നു.

To advertise here,contact us