അങ്കമാലി ആശുപത്രിയിലെ ഷൂട്ടിങ് മാർഗനിർദേശങ്ങൾ അനുസരിച്ച്,പരാതിക്ക് പിന്നിൽ തല്പരകക്ഷികൾ:സന്ദീപ് സേനൻ

ഈ മാസം 18-ന് തന്നെ ചിത്രീകരണത്തിനായുള്ള അനുമതി നേടിയിരുന്നു

കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ചിത്രീകരണം നടന്ന സംഭവത്തില് പ്രതികരിച്ച് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി സന്ദീപ് സേനൻ. ഈ മാസം 18-ന് തന്നെ ചിത്രീകരണത്തിനായുള്ള അനുമതി നേടിയിരുന്നു. മാർഗനിർദേശങ്ങൾ അനുസരിച്ച് ആണ് ഷൂട്ടിങ് നടത്തിയത് എന്ന് അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തതിനെ അപലപിക്കുന്നതായും അദ്ദേഹം അറിയിച്ചു. സ്വമേധയാ കേസ് എടുക്കുന്ന നടപടിക്ക് മുമ്പ് അന്വേഷണം വേണമായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞാണ് പരാതി വരുന്നത്. ഇതിന് പിന്നിൽ തല്പര കക്ഷികളാണ്. ആശുപത്രി പ്രവർത്തനത്തിന് ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. സിംഗിൾ വിൻഡോ രീതിയിൽ ഷൂട്ടിങ് നടത്താൻ സർക്കാരിനോട് പെർമിഷൻ ചോദിച്ചിട്ടും ഇതുവരെ അനുമതിയില്ല. സിനിമ മേഖല കഷ്ടപ്പെടുകയാണ്. അതിന് പരിഹാരം കാണാൻ സർക്കാരും വകുപ്പും ഇടപെടണം എന്നും സന്ദീപ് സേനൻ പറഞ്ഞു.

ഫഹദ് ഫാസിൽ നിർമ്മിക്കുന്ന 'പൈങ്കിളി' എന്ന സിനിമയാണ് ആശുപത്രിയില് ചിത്രീകരിച്ചത്. ഷൂട്ടിങ്ങിന് അനുമതി നൽകിയവർ ഏഴ് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് കമ്മീഷൻ നിർദേശം നൽകിയത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകള് മറച്ചും നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയുമായിരുന്നു ചിത്രീകരണം.

അങ്കമാലി താലൂക്കാശുപത്രിയിലെ സിനിമാ ചിത്രീകരണം; വിശദീകരണം തേടി വീണാ ജോർജ്

അഭിനേതാക്കള് ഉള്പ്പെടെ 50 ഓളം പേര് അത്യാഹിത വിഭാഗത്തില് ഉണ്ടായിരുന്നു. പരിമിതമായ സ്ഥലമാണ് അത്യാഹിത വിഭാഗത്തിലുള്ളത്. അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തിയയാള്ക്ക് അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കാന് പോലുമായില്ല. രോഗികളെ ചികിത്സിക്കുമ്പോഴും സമീപത്ത് സിനിമാ ചിത്രീകരണം നടക്കുകയായിരുന്നു.

To advertise here,contact us