കൊച്ചി: എറണാകുളം അമ്പലമുകൾ ബിപിസിഎൽ പ്ലാന്റിന് സമീപത്തുള്ളവർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിന് പിന്നാലെ പ്രതിഷേധിച്ച് നാട്ടുകാർ. പ്ലാന്റിൽ നിന്ന് പുക ഉയർന്നതിന് ശേഷമാണ് ശാരീരിക അസ്വസ്ഥതകള് നേരിടാൻ തുടങ്ങിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സമീപവാസികൾക്ക് തലകറക്കവും ശ്വാസതടസവും അനുഭവപ്പെടുകയായിരുന്നു. ബിപിസിഎൽ പ്ലാൻ്റിന് മുന്നിലാണ് പ്രതിഷേധം.
ഇന്നലെ വൈകിട്ട് എച്ച് ഒസിഎൽ പ്ലാൻ്റിൻ്റെ സമീപത്ത് നിന്നും വലിയ പുകയും രൂക്ഷ ഗന്ധവും അനുഭവപ്പെട്ടു. ഒപ്പം തീഗോളങ്ങളും കണ്ടവരുണ്ട്. അതിന് പിന്നാലെയാണ് പ്രദേശവാസികളിൽ പലർക്കും ശാരീകിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഇന്നലെ രാത്രിയിൽ തന്നെ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേർ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.
'വൈകുന്നേരമായപ്പോൾ ഭയങ്കര പുകയുണ്ടായിരുന്നു. ചികിത്സയിലുള്ളവരിൽ ഒരാളായ പങ്കജാക്ഷൻ എന്നയാൾ ഹാർട്ട് ഓപ്പറേഷൻ കഴിഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന് ശ്വാസംമുട്ടാണെന്ന് വിളിച്ചുപറഞ്ഞു. എല്ലാവരോടും വേഗം ചെല്ലാൻ പറഞ്ഞു. കട നടത്തിവരുന്ന ബിജുവിന് വണ്ടിയോടിച്ച് പോകാൻ പറ്റാതെയായി. ബിജു ഛർദ്ദിച്ചു. ബിജുവിനെ വീട്ടിൽ കൊണ്ടുവിടുകയായിരുന്നു. ശേഷം ഞങ്ങൾ എല്ലാവരും ചേർന്ന് കമ്പനിപ്പടിയിലേക്ക് പോയി. കമ്പനിയുടെ പുകയല്ലെന്നാണ് അവർ പറുന്നത്. ഏഴുമണിയ്ക്ക് കമ്പനിയുടെ ഗേറ്റിന് മുന്നിൽ കിടന്നിട്ട് അവിടെ നിന്നും രണ്ടുരോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാനായി ഒരു ആംബുലൻസോ, ഒന്ന് വന്നുനോക്കുകയോ ചെയ്തില്ല. 12 മണി കഴിഞ്ഞ് പൊലീസ് വന്ന ശേഷം ആംബുലൻസ് ഏർപ്പാടിക്കിയാണ് ആശുപത്രിയിലേക്ക് പോയത്. അതുവരെ കമ്പനിക്കാർ തിരിഞ്ഞുനോക്കിയില്ല', പ്രതിഷേധക്കാർ പറയുന്നു.
ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണിത്. പല തവണ സർക്കാരിനും കമ്പനികൾക്കും പ്രശ്നം പരിഹരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. മാറ്റിപ്പാർപ്പിക്കൽ ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
അടുത്ത മാസം 11ന് കേസ് വീണ്ടും കോടതി പരിഗണിക്കും. എച്ചഒസിഎൽ, റിഫൈനറി എന്നീ രണ്ട് കമ്പനികളും റെഡ് കാറ്റഗറിയിൽപ്പെട്ട ഭൂമിയാണ്. ആ ഭൂമിക്കിടയിൽ ഒമ്പത് ഏക്കർ ഭൂമിയാണ് ഉള്ളത്. ഒന്ന് കെമിക്കലും മറ്റൊന്ന് പെട്രോളുമാണ്. അതിനിടയിൽ കിടക്കുന്നത് ദുസ്സഹമാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
'മൂന്നാഴ്ച സമയം തരുന്നുണ്ട്. അതിനിടയിൽ ഒന്നും സംഭവിക്കാതിരിക്കട്ടെയെന്നാണ് പ്രാർത്ഥിക്കുന്നതെന്നാണ് ജസ്റ്റിസ് ദേവൻരാമചന്ദ്രൻ പറഞ്ഞത്. അത്രയ്ക്കും ഭീകരമായ അവസ്ഥയാണ്. ഇത്തരത്തിൽ അപകടം ഉണ്ടാകാതിക്കാനുള്ള സാധ്യത ഇല്ലായെന്ന് പറയാൻ പറ്റുമോയെന്ന് കമ്പനികളോട് കോടതി ചോദിച്ചിരുന്നു. സർക്കാർ ഈ പ്രശ്നത്തിൽ നിന്ന് ഊരിപ്പോയി. കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇന്നലെ എച്ച്ഒസിഎല്ലിൽ നിന്ന് തന്നെയാണ് പുക വന്നത്. അപ്പോൾ തന്നെ ഞങ്ങൾ പിടിച്ചു. മുമ്പും പല ബുദ്ധിമുട്ടുകളും ഇവിടെ ഉണ്ടായിട്ടുണ്ട്', പ്രതിഷേധക്കാർ കൂട്ടിച്ചേർത്തു.