അവധി വേണമെന്നറിയാം, പക്ഷേ പോർഷൻ തീരാനുണ്ടെന്ന് ട്യൂഷൻക്ലാസ്; ഉത്തരവ് അവഗണിച്ചാൽ നടപടിയെന്ന് കളക്ടർ

ഇന്ന് കുട്ടികളെ ഒരു കാരണവശാലും രക്ഷിതാക്കൾ പുറത്തു വിടരുതെന്നും ജില്ലാ ഭരണകൂടം അറിയിപ്പ് നൽകിയിട്ടുണ്ട്

പത്തനംതിട്ട: ജില്ലയിൽ കനത്ത മഴയത്തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ജില്ലാ കളക്ടറുടെ ഉത്തരവ് അവഗണിച്ച് ചില ട്യൂഷൻ സെൻ്ററുകൾ പ്രവർത്തിക്കാൻ തീരുമാനിച്ചെന്നും വിദ്യാർത്ഥികൾ ട്യൂഷൻ സെൻ്ററിൽ എത്തണമെന്നറിയിച്ചു ചിലർ ശബ്ദ സന്ദേശം അയച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. മുന്നറിയിപ്പ് അവഗണിച്ച പ്രവർത്തിക്കാൻ തീരുമാനിച്ച ട്യൂഷൻ സെൻ്ററുകൾക്കെതിരെ കർശന നടപടി എടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ട്യൂഷൻ സെൻ്ററുകളിൽ പൊലീസിന്റെ കർശന നിരീക്ഷണം ഉണ്ടാകുമെന്നും രക്ഷിതാക്കൾ കുട്ടികളെ ഇന്ന് ട്യൂഷൻ സെന്ററുകളിലേക്ക് അയക്കരുതെന്നും ജില്ലാ കളക്ടറുടെ നിർദേശമുണ്ട്. കനത്ത മഴയെത്തുടർന്ന് പത്തനംതിട്ട ജില്ലയിൽ അംഗൻവാടി മുതൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇത് അവഗണിച്ച് കുട്ടികളോട് ട്യൂഷൻ സെന്ററിൽ എത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ് ചിലർ. പാഠഭാഗങ്ങൾ ഇനിയും പഠിപ്പിച്ചു തീർക്കാൻ ഉണ്ടെന്നും കനത്ത മഴയെ തുടർന്ന് അവധി പ്രഖ്യാപിക്കുന്ന ദിനം മഴ പെയ്യാറില്ലെന്നും വിദ്യാർത്ഥികൾ ഇന്ന് ട്യൂഷൻ സെൻററിൽ എത്തണമെന്നും ഉള്ള ശബ്ദ സന്ദേശമാണ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചത്.

സംസ്ഥാനത്ത് കനത്ത മഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; ജാഗ്രത നിർദേശം

കളക്ടർ അവധി പ്രഖ്യാപിച്ച ദിവസം ട്യൂഷൻ ക്ലാസ് വെയ്ക്കുക എന്ന് പറഞ്ഞാൽ അതിൻ്റെ ഉത്തരവാദിത്വം കൂടുതലാണെന്നും ഒരു ചെറിയ അപകടം ഏതെങ്കിലും വിദ്യാർത്ഥിക്ക് പറ്റിയാൽ തങ്ങൾ സമാധാനം പറയേണ്ടി വരുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷയെ കരുതിയാണ് ഇന്ന് അവധി നൽകിയത്. അവധി ദിവസം പ്രവർത്തിക്കുന്ന ട്യൂഷൻ സെൻ്ററുകൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ട്യൂഷൻ സെൻ്ററുകളിൽ നിരീക്ഷണം നടത്തണമെന്നും പൊലീസിന് നിർദ്ദേശം നൽകിയതായും ജില്ലാ കളക്ടർ അറിയിച്ചു. ഇന്ന് കുട്ടികളെ ഒരു കാരണവശാലും രക്ഷിതാക്കൾ പുറത്തു വിടരുതെന്നും ജില്ലാ ഭരണകൂടം അറിയിപ്പ് നൽകിയിട്ടുണ്ട്.

To advertise here,contact us