ഷാജിറിന് സ്വർണ്ണക്കടത്ത് ബന്ധം,പരാതിപ്പെട്ടിട്ടും നടപടിയില്ല;മനസ്സ് മടുത്ത് ഇറങ്ങിയെന്ന് മനു തോമസ്

മനസ്സ് മടുത്ത് സ്വയം പുറത്ത് പോകാൻ തീരുമാനിച്ചതാണെന്ന് മനു . യുവജന കമ്മീഷൻ അധ്യക്ഷനും ഡിവെെഎഫ്ഐ നേതാവുമായ എം ഷാജറിനെതിരെയായിരുന്നു മനു തോമസ് പാർട്ടിയിൽ പരാതി ഉന്നയിച്ചത്.

കണ്ണൂർ: സിപിഐഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവായ നേതാവ് മനു തോമസ്. സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘവുമായി പാർട്ടിയിലെ ചില നേതാക്കളുടെ അടുത്ത ബന്ധം ഡിവെെഎഫ് മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് കൂടിയായ മനു തോമസ് പാർട്ടിയിൽ പരാതിപ്പെട്ടിരുന്നു. ഇതിൽ ഒരു നടപടിയും പാർട്ടി സ്വീകരിച്ചില്ലെന്നാണ് മനു തോമസിൻ്റെ ആരോപണം. മനസ് മടുത്ത് സ്വയം പാർട്ടിയിൽ നിന്ന് പുറത്ത് പോയതാണെന്നും മനു തോമസ് പറഞ്ഞു.

സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളുമായി പാർട്ടിയിലെ ചില നേതാക്കൾക്ക് അവിശുദ്ധ ബന്ധമെന്ന് തെളിവ് സഹിതം പരാതി നൽകിയിട്ടും പാർട്ടി നടപടി സ്വീകരിച്ചില്ലെന്നാണ് സിപിഐഎം ജില്ലാ കമ്മിറ്റി അംഗമായിരുന്ന മനു തോമസിൻ്റെ വിമർശനം. സംസ്ഥാന സെക്രട്ടറിക്ക് നേരിട്ട് നൽകിയ പരാതിയും ഇതിൽ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനും പ്രഹസനമായെന്നും മനു തോമസ് തുറന്നടിച്ചു.

പുറത്താക്കിയതല്ലെന്നും മനസ്സ് മടുത്ത് പാർട്ടിയിൽ നിന്ന് സ്വയം പുറത്ത് പോകാൻ തീരുമാനിച്ചതാണെന്നും മനു തോമസ് പ്രതികരിച്ചു. യുവജന കമ്മീഷൻ അധ്യക്ഷനും ഡിവെെഎഫ്ഐ നേതാവുമായ എം ഷാജറിനെതിരെയായിരുന്നു മനു തോമസ് പാർട്ടിയിൽ പരാതി ഉന്നയിച്ചത്.

അതേസമയം, പ്രതികരിക്കേണ്ട നിലയില് പ്രധാന്യമുള്ള വിഷയമല്ലെന്നാണ് ഡിവെെഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എ എ റഹീം പറഞ്ഞത്. പാർട്ടി ജില്ലാ സെക്രട്ടറി വിഷയത്തിൽ മറുപടി നൽകുമെന്നും റഹീം പറഞ്ഞു. അംഗത്വം പുതുക്കാത്തതിന് ജില്ലാ കമ്മിറ്റിയിൽ നിന്നും മനു തോമസിനെ ഒഴിവാക്കുന്നു എന്നതായിരുന്നു സിപിഐഎം നൽകിയ പാർട്ടി കുറിപ്പിൽ വ്യക്തമാക്കിയത്.

To advertise here,contact us