കോതമംഗലത്ത് മരം കാറിന് മുകളിലേക്ക് വീണ് അപകടം; ഒരാൾ മരിച്ചു

കാർ പൂർണമായും തകർന്നിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് ആളെ പുറത്തെടുത്തത്.

കൊച്ചി: എറണാകുളത്ത് കോതമംഗലത്ത് ശക്തമായ മഴയിൽ മരം കടപുഴകി കാറിന് മുകളിലേക്ക് വീണ് ഒരാൾ മരിച്ചു. നേര്യമംഗലം വില്ലേജ് വില്ലാഞ്ചിറ ഭാഗത്താണ് അപകടമുണ്ടായത്. കാർ പൂർണമായും തകർന്നിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് ആളെ പുറത്തെടുത്തത്. ഇടുക്കി സ്വദേശി ആശുപത്രി ആവശ്യത്തിന് കൊച്ചിയിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിൽ കെഎസ്ആർടിസി ബസ്സിനും കേടുപാട് സംഭവിച്ചിട്ടുണ്ട്.

ഇരമല്ലൂർ വില്ലേജ് ചെറുവട്ടൂർ ഭാഗത്തും വീടിന് മുകളിൽ തേക്ക് മരം വീണു അപകടമുണ്ടായി. കുന്നത്തുനാട് താലൂക്ക് രായമംഗലം വില്ലേജിൽ എംസി റേഡിൽ പുല്ലുവഴി മില്ലുംപടി ബസ് സ്റ്റോപ്പിന് സമീപം റോഡിലേക്ക് മരം ഒടിഞ്ഞു വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഫയർഫോഴ്സ് എത്തി മരം മുറിച്ചു നീക്കി. ജില്ലയിലെ മറ്റ് താലൂക്കുകളിൽ മറ്റ് അപകടങ്ങൾ ഇതുവരെ റിപ്പോ൪ട്ട് ചെയ്തിട്ടില്ല. എല്ലാ താലൂക്കുകളിലും മിതമായ മഴ ലഭിച്ചു. ജില്ലയിൽ 25, 26 തീയതികളിൽ യെല്ലോ അലേ൪ട്ട് ആണ് നിലവിലുള്ളത്.

To advertise here,contact us