'കോടിയേരിയുടെ മാതൃക പിണറായി കാണിച്ചില്ല'; വിമർശിച്ച് സിപിഐഎം എറണാകുളം ജില്ലാ കമ്മറ്റി

തിരഞ്ഞെടുപ്പില് പ്രതിഫലിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും എതിരെയുള്ള വികാരമാണെന്ന് ജില്ലാ കമ്മറ്റിയില് അഭിപ്രായമുയര്ന്നു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐഎം എറണാകുളം ജില്ലാ കമ്മറ്റിയിലും വിമര്ശനം. തിരഞ്ഞെടുപ്പില് പ്രതിഫലിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും എതിരെയുള്ള വികാരമെന്ന് ജില്ലാ കമ്മറ്റിയില് അഭിപ്രായമുയര്ന്നു. മകൾക്കെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി മൗനം പാലിച്ചു. മുഖ്യമന്ത്രിയുടെ ആ മൗനത്തിന് പാർട്ടി കനത്ത വില നൽകേണ്ടി വന്നു. കോടിയേരി ബാലകൃഷ്ണൻ കാട്ടിയ മാതൃക മുഖ്യമന്ത്രി കാണിച്ചില്ലെന്നതടക്കമുള്ള നിരവധി വിമർശനങ്ങളാണ് ജില്ലാ കമ്മറ്റിയിൽ നിന്നുയർന്നത്.

മക്കൾക്കെതിരെ ആരോപണമുയർന്നപ്പോൾ തനിക്കും പാർട്ടിക്കും പങ്കില്ലെന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ മുന്നിൽ നിർത്തിയാണ് മുഖ്യമന്ത്രിയെ യോഗത്തിൽ ഒരു വിഭാഗം വിമർശിച്ചത്. മുഖ്യമന്ത്രി ആ മാതൃക കാട്ടിയില്ലെന്നും സർക്കാരിനെക്കുറിച്ച് അവമതിപ്പുണ്ടാക്കാൻ അത് കാരണമായിയെന്നും യോഗം വിലയിരുത്തി.

മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മാധ്യമങ്ങളോട് ഇടപെടുന്നത് ശരിയായ രീതിയിലല്ലെന്നും വിമർശനമുയർന്നു. ബിഷപ്പ് ഡോ ഗീവർഗീസ് മാർ കൂറിലോസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത് അതിരുവിട്ട വാക്കുകളാണെന്നും വിമർശനമുയർന്നു. 30 പേരാണ് ചർച്ചയിൽ പങ്കെടുത്തത്. അഞ്ച് പേർ അഭിപ്രായം എഴുതി നൽകുകയും ചെയ്തു.

ലോക്സഭ തിരഞ്ഞെടുപ്പ് തോല്വിയില് നേരത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലും വിവിധ ജില്ലാ സിപിഐഎം, സിപിഐ ജില്ലാ കമ്മറ്റികളിലും കടുത്ത ഭാഷയിൽ വിമര്ശനമുയര്ന്നിരുന്നു. പാർട്ടി സെക്രട്ടറിയടക്കം ഇടതുപക്ഷത്തെ പല മുതിർന്ന നേതാക്കളും സ്വയംവിമർശനവും തിരുത്തും നടത്തണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരുന്നു.

To advertise here,contact us