പാലക്കാട് : പാലക്കാട്ടെ ട്രെയിൻ യാത്രികർ അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് പരിഹാരമായി കൂടുതൽ ട്രെയിനുകൾ എത്തിക്കുമെന്ന് വി കെ ശ്രീകണ്ഠൻ എം പി പറഞ്ഞു. ആവശ്യത്തിനുള്ള ട്രെയിൻ സർവീസ് ഇല്ലാത്തതിനാൽ പാലക്കാട്ടെ ട്രെയിൻ യാത്രികർ അനുഭവിക്കുന്ന യാത്ര ദുരിതത്തിൽ റിപ്പോർട്ടർ ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് നിന്നും തിരുവനന്തപുരത്തേക്കും മംഗലാപുരത്ത് നിന്ന് ബെഗളൂരുവിലേക്കും വന്ദേഭാരത് സർവ്വീസുകൾ അനുവദിക്കണമെന്നും ആവശ്യം റെയിൽവേയെ അറിയിച്ചിട്ടുണ്ടെന്നും ശ്രീകണ്ഠൻ പറഞ്ഞു. കേന്ദ്ര റെയിൽവേ മന്ത്രിക്കും, റെയിൽവേ ജനറൽ മാനേജർക്കും ഇത് സംബന്ധിച്ച് കത്ത് നൽകിയതായും അദ്ദേഹം വ്യക്തമാക്കി. 2025 മെയ് മാസത്തോടെ പാലക്കാട്ടേക്ക് കൂടുതൽ ട്രെയിനുകൾ എത്തുമെന്നും 2025 മാർച്ചിൽ പിറ്റ് ലൈൻ നിർമ്മാണം പൂർത്തിയാവുന്നതോടെ ദീർഘദൂര സർവീസുകൾ ഉൾപ്പെടെ കൂടുതൽ ട്രെയിനുകൾ അനുവദിക്കുമെന്ന് റെയിൽവേ ഉറപ്പ് നൽകിയതായും ശ്രീകണ്ഠൻ അറിയിച്ചു.
മലബാറിലേക്ക് ആവശ്യത്തിനുള്ള ട്രെയിനുകൾ ഇല്ലാത്തതിനാൽ പാലക്കാട്ടെ ട്രെയിൻ യാത്രികർ വലിയ ദുരിതത്തിലാണ്. പകൽ സമയങ്ങളിൽ കോഴിക്കോട്, കണ്ണൂർ, മംഗലാപുരം റൂട്ടിലേക്ക് പാലക്കാട് നിന്നുള്ളത് നാല് ട്രെയിനുകൾ മാത്രമാണ്. യാത്ര ദുരിതത്തിന് പരിഹാരം ആവശ്യപ്പെട്ട് റെയിൽവേ മന്ത്രാലയത്തെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ. വിദ്യാർത്ഥികളും, ജീവനക്കാരും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് പാലക്കാട് നിന്നും നിത്യേനെ മലബാറിലേക്ക് ട്രെയിൻ കയറുന്നത്. എന്നാൽ ആവശ്യത്തിനുള്ള ട്രെയിൻ സർവീസ് ഇല്ലാത്തതിനാൽ ചില്ലറ ദുരിതമൊന്നുമല്ല പാലക്കാട് നിന്നുള്ള ട്രെയിൻ യാത്രികർ അനുഭവിക്കുന്നത്.
നിത്യേന സർവീസ് നടത്തുന്ന ട്രെയിനുകളിൽ നാലെണ്ണം മാത്രമാണ് പകൽ സമയങ്ങളിൽ പാലക്കാട് നിന്നും മലബാർ മേഖലയിലേക്കുള്ളത്. രാവിലെ 7.05ന് മംഗളൂരു- കോയമ്പത്തൂർ ഇൻ്റർസിറ്റി, 9.10 ന് മംഗളുരു സെൻട്രൽ - കോയമ്പത്തൂർ എക്സ്പ്രസ്, 11.15 ന് ചെന്നൈ എഗ്മോർ - മംഗളുരു സെൻട്രൽ എക്സ്പ്രസ്, നാല് മണികൂറിന് ശേഷം വൈകീട്ട് 3.10 ന് കോയമ്പത്തൂർ - കണ്ണൂർ എക്സ്പ്രസ്. ഇത് കഴിഞ്ഞാൽ പിന്നീട് മലബാറിലേക്ക് പോവുന്ന ഒരു ട്രെയിൻ പാലക്കാട് നിന്ന് പുറപ്പെടാൻ 7.30 മണിക്കൂർ കഴിയണം.
ട്രെയിനുകളും, കോച്ചുകളും വെട്ടിക്കുറച്ചത് മൂലം പാലക്കാട് നിന്ന് മലബാർ മേഖലയിലേക്ക് പോവുന്ന മിക്ക ട്രെയിനുകളിലും കാലുകുത്താൻ പോലും സ്ഥലമുണ്ടാവാറില്ല. പണിപൂർത്തിയായിട്ടും പൊള്ളാച്ചി, പഴനി റൂട്ടിലേക്ക് പാലക്കാട് നിന്നും കൂടുതൽ ട്രെയിൻ സർവീസുകൾ അനുവദിക്കാത്തതിലും യാത്രക്കാർക്ക് പ്രതിഷേധമുണ്ട്. നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളും, വ്യവസായ മേഖലയും ഉൾപ്പെടുന്ന പാലക്കാട് ജില്ലയോട് റെയിൽവേ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാണ് യാത്രക്കാർ ഒരുപോലെ ആവശ്യപ്പെടുന്നതും.
വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ അനുമതി തേടി ബക്കാർഡി; വൻകിട മദ്യ കമ്പനികൾ കേരളത്തിലേക്ക്