കൊച്ചി: ഹൈറിച്ച് മണി ചെയിൻ തട്ടിപ്പ് കേസിൽ ഉടമകൾക്ക് പുറമെ ലീഡർമാർക്കും നോട്ടീസയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഹാജരാകാനാണ് നിർദ്ദേശം.
ഓൺലൈൻ മൾട്ടിലെവൽ മാർക്കറ്റിംഗ് തട്ടിപ്പിന്റെ പേരിൽ കമ്പനി ഉടമകളായ കെ ഡി പ്രതാപനേയും ഭാര്യ ശ്രീനയെയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇവർക്ക് പുറമെയാണ് നാല് ലീഡർമാർക്ക് നോട്ടീസ് അയച്ചത്. മണിചെയിൻ തട്ടിപ്പിന് പുറമേ ബിറ്റ് കോയിൻ തട്ടിപ്പിലും ഇവരെ ചോദ്യം ചെയ്യും. ഓൺലൈൻ മൾട്ടിലെവൽ മാർക്കറ്റിങ്ങിന്റെ മറവിൽ ഹൈറിച്ച് കമ്പനി 1,157 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ.
അതേസമയം, കേസിൽ സംസ്ഥാന പൊലീസിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. സിബിഐ അന്വേഷണം ഇതുവരെ തുടങ്ങാത്ത സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.