'ഭൂവിഷയങ്ങൾക്ക് പ്രധാന കാരണം സിപിഐയിലെ ഗ്രൂപ്പ് വഴക്ക്'; വിമർശനവുമായി മുൻ ഡെപ്യൂട്ടി തഹസിൽദാർ

എം ഐ രവീന്ദ്രൻ നൽകിയ പട്ടയങ്ങൾ റദ്ദ് ചെയ്ത ഒരു വർഷം പിന്നിടുമ്പോഴും പുതിയ പട്ടയങ്ങൾ നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല

ഇടുക്കി: സിപിഐക്കും റവന്യൂ വകുപ്പിനുമെതിരെ വിമർശനം ഉന്നയിച്ച് പട്ടയങ്ങൾ നൽകിയ മുൻ ഡെപ്യൂട്ടി തഹസിൽദാർ എം ഐ രവീന്ദ്രൻ. ഭൂവിഷയങ്ങൾക്ക് പ്രധാന കാരണം സിപിഐയിലെ ഗ്രൂപ്പ് വഴക്കാണെന്ന് രവീന്ദ്രന് പ്രതികരിച്ചു. തന്നെ അഡീഷണൽ തഹസിൽദാരുടെ ചുമതലയിൽ നിന്നും മാറ്റിയത് സിപിഐയുടെ നിർബന്ധം കൊണ്ടാണ്. പി കെ വാസുദേവൻ നായരുടെ പേരിലുള്ള പട്ടയ അപേക്ഷ വ്യാജ ഒപ്പിട്ട് നൽകി. ഇത് തുറന്നു പറഞ്ഞതും സിപിഐക്ക് നാണക്കേടുണ്ടാക്കി. പട്ടയങ്ങൾ കെ ഇസ്മയിൽ വിതരണം നടത്തിയതാണെന്നും രവീന്ദ്രൻ റിപ്പോർട്ടറിനോട് പറഞ്ഞു.

എം ഐ രവീന്ദ്രൻ നൽകിയ പട്ടയങ്ങൾ റദ്ദ് ചെയ്ത ഒരു വർഷം പിന്നിടുമ്പോഴും പുതിയ പട്ടയങ്ങൾ നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് സിപിഐക്കും റവന്യൂ വകുപ്പിനും എതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പട്ടയം ഒപ്പിട്ടു നൽകിയ എം ഐ രവീന്ദ്രൻ തന്നെ രംഗത്തെത്തിയത്. തന്നെ ചുമതലയിൽ നിന്ന് മാറ്റിയത് സിപിഐയുടെ നിർബന്ധം കൊണ്ടാണ്. സിപിഐ ചൂണ്ടിക്കാണിച്ചിടത്ത് താൻ പട്ടയം നൽകിയില്ല. കൈവശമില്ലാത്ത ഭൂമിക്ക് പട്ടയം നൽകാൻ സിപിഐ നേതാവ് ആവശ്യപ്പെട്ടു. ഇത് നല്കിയില്ല, ഇതാണ് വിരോധത്തിന് കാരണം. പി കെ വാസുദേവൻ നായരുടെ പേരിൽ പട്ടയ അപേക്ഷ നൽകിയത് കള്ള ഒപ്പിട്ടാണ്. ഇത് തുറന്നു പറഞ്ഞതോടെ പട്ടയം റദ്ദ് ചെയ്തിരുന്നു. അതും സിപിഐക്ക് നാണക്കേടുണ്ടാക്കി.

ഈ വിഷയങ്ങൾക്ക് പ്രധാനകാരണം സിപിഐയിലെ ഗ്രൂപ്പ് വഴക്കാണ്. കെ ഇസ്മയിൽ വിതരണം നടത്തിയ പട്ടയങ്ങളാണ് റദ്ദ് ചെയ്തത്. താൻ പട്ടയം കൊടുത്തത് കോൺഗ്രസുകാർക്കും ബിജെപിക്കാർക്കും അല്ല. എല്ലാ പട്ടയങ്ങളും നൽകിയത് എൽഡിഎഫ് പ്രവർത്തകർക്കാണ്. ഓരോ നേതാക്കന്മാരും പട്ടയം നൽകണമെന്ന് ആവശ്യപ്പെട്ട് ശുപാർശ ചെയ്തു. മൂന്നാറിൽ വ്യാജ പട്ടയങ്ങൾ നിരവധിയാണ്. തൻറെ ഒപ്പും ശംഖുമുദ്രയുള്ള സീലും ഉപയോഗിച്ച് വ്യാജ പട്ടയങ്ങൾ നിർമ്മിച്ചു എന്നും രവീന്ദ്രൻ പറഞ്ഞു.

1999 കാലത്ത് ദേവികുളം താലൂക്കിലെ അഡീഷണൽ തഹസിൽദാരുടെ ചുമതല വഹിച്ചിരുന്ന എം ഐ രവീന്ദ്രൻ അനുവദിച്ച 530 പട്ടയങ്ങളാണ് പിൽക്കാലത്ത് വിവാദമായ രവീന്ദ്രൻപട്ടയങ്ങൾ. ഇത് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നായിരുന്നു ആരോപണം. ഈ പട്ടയങ്ങൾ സർക്കാർ കഴിഞ്ഞ വർഷം റദ്ദാക്കിയിരുന്നു. ഇവ പരിശോധിക്കുകയാണ്. കഴിഞ്ഞ ദിവസം മൂന്നാർ ഭൂവിഷയം പരിഗണിച്ചപ്പോൾ രവീന്ദ്രനെതിരെ എന്തുകൊണ്ട് ക്രിമിനൽ നടപടി എടുത്തില്ലെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചിരുന്നു.

To advertise here,contact us