കഫക്കെട്ടുമായി എത്തിയ 80കാരന് കൃത്യമായ ചികിത്സ നൽകിയില്ല; എസ് കെ ആശുപത്രിക്കെതിരെ വീണ്ടും ആരോപണം

പത്തൊമ്പത് ദിവസത്തെ പ്രഭാകരന്റെ ചികിത്സക്ക് ആറ് ലക്ഷം രൂപ ഈടാക്കിയെന്നും ബിമല് പറയുന്നു

തിരുവനന്തപുരം: ഇടപ്പഴഞ്ഞി എസ് കെ ആശുപത്രിക്കെതിരെ ആരോപണവുമായി കൂടുതല് പേര് രംഗത്ത്. കഫക്കെട്ടുമായി എത്തിയ 80 വയസുകാരന് കൃത്യമായ ചികിത്സ നല്കാത്തതിനാല് മരിച്ചെന്നാണ് ഉയരുന്ന ആരോപണം. മേട്ടുക്കട സ്വദേശി പ്രഭാകരന്റെ മകന് ബിമല് ആണ് ആരോപണവുമായി രംഗത്തെത്തിയത്. പത്തൊമ്പത് ദിവസത്തെ പ്രഭാകരന്റെ ചികിത്സക്ക് ആറ് ലക്ഷം രൂപ ഈടാക്കിയെന്നും ബിമല് പറയുന്നു.

പ്രഭാകരനെ ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതിനെത്തുടർന്നാണ് എസ് കെ ആശുപത്രിയില് എത്തിച്ചത്. കഫക്കെട്ടു മുതല് ലംഗ്സ് ക്യാന്സര് വരെ ഉണ്ടെന്നുള്ള ഉറപ്പില്ലാത്ത മറുപടിയാണ് ഡോക്ടര്മാരില് നിന്ന് ലഭിച്ചതെന്നാണ് ബിമല് പറയുന്നത്. ഇരുപത് ദിവസത്തെ ചികിത്സക്ക് ശേഷം പ്രഭാകരന് മരിച്ചു. കൃത്യമായ ചികിത്സ ആശുപത്രിയില് നിന്ന് ലഭിച്ചില്ലെന്നും ആരോപണമുണ്ട്. ചികിത്സ നല്കിയില്ലെങ്കിലും ബില്ലില് കുറവൊന്നുമില്ല. ഈ കുടുംബത്തില് നിന്ന് ഇരുപത് ദിവസത്തെ ചികിത്സക്ക് 6 ലക്ഷത്തോളം രൂപയാണ് ആശുപത്രി ഈടാക്കിയത്.

എസ്കെ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച പാലോട് സ്വദേശി അഖിൽ മോഹൻ മരിച്ചത് ചികിത്സ നിഷേധിച്ചത് മൂലമാണെന്നും കൃത്യസമയത്ത് വേണ്ട ചികിത്സ നൽകിയില്ലെന്നും ബന്ധുക്കൾ നേരത്തെ ആരോപിച്ചിരുന്നു. നെഞ്ചുവേദനയെ തുടർന്നാണ് അഖിലിനെ എസ്കെ ആശുപത്രിയിൽ എത്തിച്ചത്. ആൻജിയോഗ്രാം മെഷീൻ കേടായ വിവരം മറച്ചുവെച്ചെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് അഖിലിനെ ആദ്യമെത്തിച്ചത്. മെഡിക്കൽ കോളേജിൽ നിന്ന് അസൗകര്യങ്ങൾ പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.

സ്വകാര്യ ആശുപത്രിയിലും അനാസ്ഥയാണെന്നും ആശുപത്രിക്കെതിരെ നടപടി വേണമെന്നുമായിരുന്നു ബന്ധുക്കളുടെ ആവശ്യം. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പൂജപ്പുര പൊലീസാണ് കേസെടുത്തത്. നെഞ്ച് വേദനയെ തുടർന്ന് ആദ്യം മെഡിക്കൽ കോളേജിലേക്കാണ് അഖിലിനെ കൊണ്ടുപോയത്. എന്നാൽ, ഐസിയുവിലും വാർഡിലും കിടക്ക ഇല്ലാത്തതിനെ തുടർന്ന് അഖിലിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഉടനെ ആൻജിയോഗ്രാം ചെയ്യണമെന്ന് പറഞ്ഞ് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ അതിന് തയ്യാറായില്ലെന്ന് ബന്ധുക്കള് പറയുന്നു. തുടർന്ന് അഖില് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഈ സംഭവത്തിന് ശേഷമാണ് ആശുപത്രിക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉയർന്നുവരുന്നത്.

To advertise here,contact us