'കാഫിര്' പ്രയോഗ സ്ക്രീന്ഷോട്ട്; കെ കെ ലതികക്കെതിരായ പ്രചരണത്തെ ചെറുക്കുമെന്ന് സിപിഐഎം

'വർഗീയ പ്രചാരണങ്ങൾക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന സദുദ്ദേശപരമായ സന്ദേശം നൽകലാണ് ലതിക നടത്തിയത്'.

icon
dot image

കോഴിക്കോട്: വിവാദ 'കാഫിര്' പ്രയോഗ സ്ക്രീന്ഷോട്ട് ഫേസ്ബുക്കിൽ ഷെയർ ചെയ്ത സംഭവത്തിൽ കെ കെ ലതികക്കെതിരായി ഒരു പറ്റം മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും നടത്തുന്ന പ്രചാരണത്തെ ചെറുക്കുമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്. വർഗീയ പ്രചാരണങ്ങൾക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന സദുദ്ദേശപരമായ സന്ദേശം നൽകലാണ് ലതിക നടത്തിയത്. കൃത്യമായ അന്വേഷണം നടത്തി പ്രചാരണത്തിൻ്റെ ഉറവിടം കണ്ടെത്തണം. കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ലതികക്കെതിരായ പ്രചാരണത്തിന് പിന്നിലുള്ളതെന്നും പാർട്ടി ആരോപിച്ചു. പ്രസ്താവനയിലൂടെയാണ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് നയം വ്യക്തമാക്കിയത്.

തിരഞ്ഞെടുപ്പിന് തലേന്ന് വിവാദ കാഫിര് സ്ക്രീന് ഷോട്ട് പ്രത്യക്ഷപ്പെട്ടത് ഇടത് സൈബര് പേജായ അമ്പാടിമുക്ക് സഖാക്കളിലായിരുന്നു. വിവാദമായതോടെ പോസ്റ്റ് അമ്പാടിമുക്ക് സഖാക്കള് ഡിലീറ്റ് ചെയ്തു. എന്നാല്, പോസ്റ്റ് വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടും ലതിക സ്ക്രീന് ഷോട്ട് പിന്വലിച്ചിരുന്നില്ല. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമായത്. തുടർന്ന് വിവാദ പോസ്റ്റ് കെ കെ ലതിക ഫേസ്ബുക്കിൽ നിന്ന് പിൻവലിക്കുകയായിരുന്നു. സ്ക്രീന്ഷോട്ട് പിന്വലിച്ച് ഫേസ്ബുക്ക് അക്കൗണ്ട് ലോക്ക് ചെയ്യുകയും ചെയ്തു.

കെ കെ ലതിക പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാർ ഇന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവച്ച ലതിക ചെയ്തത് ക്രിമിനൽ കുറ്റമാണെന്നും ലതികയെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യണമെന്നും പ്രവീൺ കുമാർ ആവശ്യപ്പെട്ടു. വ്യാജമാണെന്ന് അറിഞ്ഞിട്ടും പ്രചരിപ്പിച്ചു. വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചവർ തന്നെയാണ് അത് നിർമിച്ചതെന്നും പ്രവീൺ കുമാർ കൂട്ടിച്ചേർത്തു.

ലോക്സഭ തിരഞ്ഞെടുപ്പ് വേളയില് വടകരയിലെ എല്ഡിഎഫ് സ്ഥാനാര്ഥി കെ കെ ശൈലജയെ കാഫിര് എന്ന് വിശേഷിപ്പിച്ച് പ്രചരിച്ച പോസ്റ്റ് വ്യാജമാണെന്ന് സര്ക്കാര് ഹൈക്കോടതിയില് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പോസ്റ്റര് പുറത്തിറക്കിയത് യൂത്ത് ലീഗ് നേതാവ് അല്ലെന്നും സര്ക്കാര് ഹൈക്കോടതിയില് അറിയിച്ചു. യൂത്ത് ലീഗ് നേതാവ് പി കെ മുഹമ്മദ് കാസിം അല്ല പോസ്റ്റ് നിര്മിച്ചത് എന്നാണ് സര്ക്കാര് ഹൈക്കൊടതിയില് വ്യക്തമാക്കിയിരിക്കുന്നത്.

To advertise here,contact us