കോണ്ഗ്രസിന്റേത് വഞ്ചന, രാഹുലിനെ വേഷംകെട്ടിച്ച് ഈ നാടകം കളിക്കാന് പാടില്ലായിരുന്നു: ബിനോയ് വിശ്വം

ഒന്നാന്തരം പോരാട്ടം വയനാട്ടില് നടത്തുമെന്നും ബിനോയ് വിശ്വം റിപ്പോര്ട്ടര് ടി വിയോട് പറഞ്ഞു.

കൊച്ചി: വയനാട് മണ്ഡലം ഉപേക്ഷിക്കാനുള്ള രാഹുല് ഗാന്ധിയുടെ തീരുമാനം കോണ്ഗ്രസിന്റെ വഞ്ചനയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മത്സരമായിരിക്കും യുഡിഎഫിന് എല്ഡിഎഫ് നല്കുന്ന മറുപടി. കേരളത്തിലെ കോണ്ഗ്രസ് നേതാക്കള്ക്ക് ഇന്ഡ്യ സഖ്യത്തിന്റെ രാഷ്ട്രീയം ഉള്ക്കൊള്ളാന് സാധിച്ചില്ല. മൂക്കിനപ്പുറം കാണാനുള്ള കെല്പ്പ് അവര്ക്കില്ല. രാഷ്ട്രീയ പോരാട്ടമായിരിക്കും വയനാട്ടില് നടക്കുക. ഒന്നാന്തരം പോരാട്ടം വയനാട്ടില് നടത്തുമെന്നും ബിനോയ് വിശ്വം റിപ്പോര്ട്ടര് ടി വിയോട് പറഞ്ഞു.

വയനാട്ടില് ആനി രാജയാണോ മത്സരിക്കുകയെന്ന ചോദ്യത്തോട് ഒറ്റയ്ക്ക് അക്കാര്യത്തില് തീരുമാനം പറയാനാകില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. പാര്ട്ടിയാണ് തീരുമാനിക്കേണ്ടത്. ഇതായിരുന്നു കോണ്ഗ്രസിന്റെ മനസ്സിലെ പദ്ധതിയെങ്കില് കോണ്ഗ്രസ് കാണിച്ചത് വഞ്ചനയാണ്. രാഹുല് ഗാന്ധിയെപോലെയൊരാളെ വേഷം കെട്ടിച്ച് വയനാട്ടില് കൊണ്ടുവന്ന് മത്സരിപ്പിച്ച് രണ്ടാമത്തെയാഴ്ച്ച രാജിവെപ്പിച്ച് നാടകം കളിക്കാന് പാടില്ലായിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം, പ്രിയങ്കാ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ് ഇന്ത്യയിലെയും കേരളത്തിലെയും കോണ്ഗ്രസ് പ്രവര്ത്തകര്ക്ക് ഉണര്വ് ഉണ്ടാക്കുന്നതാണെന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഹിന്ദി ഹൃദയഭൂമിയില് രാഹുലിന്റെ സാന്നിധ്യം അനിവാര്യമാണ്. ആ ഘട്ടത്തില് രാഹുലിന് ഏറ്റവും പ്രിയപ്പെട്ട വയനാട്ടിലെ ജനങ്ങളെ നിരാശപ്പെടുത്താതിരിക്കാനാണ് പ്രിയങ്കയെ സ്ഥാനാര്ത്ഥിയാക്കാന് തീരുമാനിച്ചതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

ഇന്ന് കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖര്ഗെയുടെ വസതിയില് ചേര്ന്ന യോഗത്തിലാണ് റായ്ബറേലി നിലനിര്ത്തി വയനാട് ഒഴിയുന്ന തീരുമാനത്തിലേക്ക് രാഹുല് എത്തുന്നത്. പകരം സഹോദരിയും കോണ്ഗ്രസ് ജനറല് സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്ന് അറിയിക്കുകയായിരുന്നു. പ്രിയങ്കാഗാന്ധിയുടെ കന്നി അങ്കമാണ് വയനാട്ടിലേത്.

To advertise here,contact us