ഇടതു, വലതു മുന്നണികള്ക്ക് അതിരുവിട്ട മുസ്ലീം പ്രീണനം; വിമർശനവുമായി വെള്ളാപ്പള്ളി നടേശന്

'മതവിവേചനവും മതവിദ്വേഷവും തിരിച്ചറിഞ്ഞ ക്രിസ്ത്യാനികളാണ് സുരേഷ് ഗോപിയെ ജയിപ്പിച്ചത്'

കോട്ടയം: ഇടതു, വലതു മുന്നണികള് അതിരുവിട്ട മുസലീം പ്രീണനം നടത്തുകയാണെന്ന വിമര്ശനവുമായി എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എന്ഡിപി മുഖമാസികയായ യോഗനാദത്തിന്റെ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളി ഇടതു, വലതു മുന്നണികള്ക്കെതിരെ ആഞ്ഞടിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പില് ഇടതുമുന്നണിക്കുണ്ടായ പരാജയം മുസ്ലീം പ്രീണനം കാരണമാണെന്നാണ് വെള്ളാപ്പള്ളി നേരത്തെ പറഞ്ഞത് വിവാദമായിരുന്നു. പിണറായി സര്ക്കാര് മുസ്ലീംകള്ക്ക് അനര്ഹമായ എന്തെല്ലാമോ വാരിക്കോരി നല്കുന്നുവെന്നും വെള്ളാപ്പള്ളി ആക്ഷേപിച്ചിരുന്നു. കേരളത്തില് നിന്ന് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളും മുന്നണികള് ന്യൂനപക്ഷ സമുദായങ്ങള്ക്ക് നല്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജനാധിപത്യം മതാധിപത്യത്തിന് വഴിമാറി എന്ന ആരോപണവും വെള്ളാപ്പള്ളി ഉന്നയിച്ചിരുന്നു. ഇതിനെതിരെ മുസ്ലീം സംഘടനാ നേതാക്കള് രംഗത്തെത്തിയിരുന്നു.

കേരളത്തിലെ സാമൂഹിക യാഥാര്ഥ്യങ്ങളെ കുറിച്ച് തുറന്നു പറയുന്നതിന്റെ പേരില് രക്തസാക്ഷിയാകാനും തയാറെന്നും അദ്ദേഹം ലേഖനത്തില് വ്യക്തമാക്കി. മതവിവേചനവും മതവിദ്വേഷവും തിരിച്ചറിഞ്ഞ ക്രിസ്ത്യാനികളാണ് തൃശൂരില് സുരേഷ് ഗോപിയെ വിജയിപ്പിച്ചതെന്നും വെള്ളാപ്പളളി ചൂണ്ടിക്കാട്ടി. അപ്രിയ സത്യങ്ങള് പറയുന്നവരെ വെല്ലുവിളിച്ചാല് വിലപ്പോവില്ല. തിണ്ണമിടുക്ക് കാണിച്ച് ഭയപ്പെടുത്താന് നോക്കിയാല് കീഴടങ്ങില്ല. എറണാകുളത്ത് കെ ജെ ഷൈനിനെയും മലപ്പുറത്ത് വസീഫിനെയും കോട്ടയത്ത് ചാഴികാടനെയും എല്ഡിഎഫ് മത്സരിപ്പിച്ചു. ഹിന്ദുഭൂരിപക്ഷമുള്ള ആലപ്പുഴയില് ആരിഫിനെ സ്ഥാനാര്ത്ഥിയാക്കുമ്പോള് മാത്രമാണ് ഇടതുപക്ഷത്തിന് മതേതരത്വമെന്നും വെള്ളാപ്പള്ളി വിമര്ശിച്ചു.

ഇരുമുന്നണികളുടെയും മുസ്ലീം പ്രീണനം കണ്ടപ്പോള് തൃശ്ശൂരില് ക്രൈസ്തവര് ബിജെപിയെ രക്ഷകരായി കണ്ടു. വര്ഗീയ വാദികളാരെന്ന് ജനങ്ങള്ക്കറിയാം. നിലപാടുകള് പരിഷ്കരിക്കാന് മുസ്ലീം ലീഗ് നേതൃത്വം ചിന്തിക്കണം കേരളത്തില് സാമൂഹ്യ സാമ്പത്തിക സര്വെ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക്സഭ തിരഞ്ഞടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ഇടത് വലത് മുന്നണികള്ക്കെതിരെ തിരിഞ്ഞ വെള്ളാപ്പളളി നിലപാട് കടുപ്പിക്കുകയാണ് യോഗനാദത്തിന്റെ ഏറ്റവും പുതിയ ലക്കത്തിന്റെ മുഖപ്രസംഗത്തില്. ഒഴിവ് വന്ന മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് എല്ഡിഎഫും യുഡിഎഫും രണ്ടു മുസ്ലീങ്ങളെയും ഒരു ക്രിസ്ത്യാനിയെയും നാമനിര്ദേശം ചെയ്ത കാര്യം താന് വിളിച്ചു പറഞ്ഞതിനെ പാതകമായി ചിത്രീകരിക്കുകയാണെന്ന് ലേഖനത്തില് വെള്ളാപ്പളളി പറയുന്നു.

ഡിജിറ്റല് ക്ലാസ് റൂമിനായി പണം നല്കിയില്ല, കടമ്പൂര് സ്കൂളില് വിദ്യാര്ഥികളോട് വിവേചനം

കമ്മ്യൂണിസ്റ്റ് പാര്ട്ടികളുടെ തുടക്കം മുതല് പാര്ട്ടിക്കൊപ്പം പാറപോലെ ഉറച്ചുനിന്ന പിന്നാക്ക, പട്ടികവിഭാഗ സമൂഹത്തിന്റെ വിശ്വാസത്തെ സിപിഐഎമ്മും സിപിഐയും ന്യൂനപക്ഷ പ്രീണനത്തിനായി ബലികഴിച്ചു. തനിക്കെതിരെ കേസെടുക്കണമെന്നും ജയിലില് അടയ്ക്കണമെന്നും പറഞ്ഞ മുസ്ലീം നേതാക്കള് സ്വന്തം മതക്കാരുടെ അനീതികള്ക്കെതിരെ സൗമ്യ നിലപാടാണ് സ്വീകരിച്ചത്. തന്നെ ക്രൂശിക്കാന് വരുന്നവര് തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ ജയം എങ്ങനെയെന്ന് കാണണം. മറ്റുമതസ്ഥരിലെ മനസുകളിലെ മാറ്റം തിരിച്ചറിഞ്ഞ് നിലപാടുകള് പരിഷ്കരിക്കാന് മുസ്ലീം ലീഗിന്റെയും മുസ്ലീം സമുദായങ്ങളുടെയും നേതൃത്വം ഇനിയെങ്കിലും ചിന്തിക്കണമെന്നും വെള്ളാപ്പള്ളി ലേഖനത്തില് ആവശ്യപ്പെടുന്നു.

To advertise here,contact us