എട്ട് വർഷത്തിനിടെ കെഎസ്ഇബിയിലെ പിഎസ് സി നിയമനം മൂന്നിലൊന്നായി കുറഞ്ഞു; ആശങ്കയിൽ ഉദ്യോഗാർത്ഥികൾ

എല്ലാം നടക്കുന്നത് പുനഃസംഘടനയുടെ മറവിലാണ്

തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിലെത്തിയ എട്ട് വർഷത്തിനിടെ കെഎസ്ഇബിയിലെ പിഎസ് സി നിയമനം മൂന്നിലൊന്നായി കുറഞ്ഞു. കെഎസ്ഇബിയിലെ പുനഃസംഘടനയുടെ പേരിൽ ഒഴിവുകൾ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന തീരുമാനത്തെത്തുടർന്ന് രണ്ട് വർഷമായി ഒരൊറ്റ ഒഴിവ് പോലും പിഎസ് സിയെ അറിയിച്ചില്ല. 2009 മുതലുള്ള അസിസ്റ്റൻ്റ് എഞ്ചിനീയർമാരുടെ പിഎസ് സി നിയമനത്തിൽ മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടത് 922 പേർ. ഇതിൽ 773 പേർക്ക് നിയമനം കിട്ടി.

2016-ൽ ആണ് പിന്നീട് മെയിൻ ലിസ്റ്റ് വന്നത്. അതിൽ 969 പേരുണ്ടെങ്കിലും നിയമനം വെറും 392 ആയി ചുരുങ്ങി. തീർന്നില്ല, കഴിഞ്ഞ വർഷം നടന്ന പരീക്ഷയിൽ ഇതുവരെ ഷോർട്ട് ലിസ്റ്റ് ചെയ്തത് വെറും 383 പേരെയാണ്. അതായത് ഒഴിവുകൾ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ലെന്നർത്ഥം. ഈ 383 പേരുടെ പട്ടിക മെയിൻ ലിസ്റ്റ് ആകുമ്പോൾ കുറേ കുറയും. അതിൽ തന്നെ നിയമനം കിട്ടുന്നവരുടെ എണ്ണം 2009-നെ അപേക്ഷിച്ച് മൂന്നിലൊന്ന് പോലും ഉണ്ടാകില്ലെന്ന് ഉറപ്പ്. ഇനി സബ് എഞ്ചിനീയർമാരുടെ കാര്യം നോക്കാം. 2011-ലേത് പ്രകാരം 899 പേരുടെ മെയിൻ ലിസ്റ്റ്. അതിൽ 631 പേർക്ക് നിയമനം കിട്ടി.

പത്ത് വർഷത്തിന് ശേഷം അടുത്ത പട്ടിക വന്നു. അതിൽ 941 ഉണ്ടെങ്കിലും അഡ്വൈസ് മെമ്മോ കിട്ടിയത് വെറും 217 പേർക്ക്. 700 ഒഴിവുകൾ സബ് എഞ്ചിനീയർമാരുടേതായി ഉണ്ടെങ്കിലും 2011-നെ അപേക്ഷിച്ച് മൂന്നിലൊന്ന് പോലും കിട്ടില്ലെന്ന് ഉറപ്പായി. എല്ലാം നടക്കുന്നത് പുനഃസംഘടനയുടെ മറവിലാണ്. പുനഃസംഘടന എന്ന് തീരുമെന്ന് ആർക്കുമറിയില്ല. പിഎസ് സിക്ക് ഒഴിവ് റിപ്പോർട്ട് ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം നടപ്പാകുമോ എന്നാണ് ഉദ്യോഗാർത്ഥികളുടെ ചോദ്യം.

To advertise here,contact us