പോരാളി ഷാജി, ചെങ്കോട്ട... യുവാക്കൾ ഇവ മാത്രം നോക്കിയതിന്റെ ദുരന്തം പാർട്ടിക്കുണ്ടായി: എം വി ജയരാജൻ

'ഇടതുപക്ഷ വിരുദ്ധ, സിപിഐഎം വിരുദ്ധ പോസ്റ്റുകളാണ് വരുന്നത്'

കണ്ണൂർ: സമൂഹമാധ്യമങ്ങളിൽ ഇടതുപക്ഷമെന്നു തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്ക്കുവാങ്ങപ്പെട്ടതായി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ‘പോരാളി ഷാജി’ ഉൾപ്പെടെയുള്ള പേജുകളെയാണ് അദ്ദേഹം തള്ളിപ്പറഞ്ഞത്. യുവാക്കൾ സമൂഹമാധ്യമങ്ങൾ മാത്രം നോക്കിയതിന്റെ ദുരന്തം തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായെന്നും എം വി ജയരാജൻ വിമർശിച്ചു.

''പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിർ... ഇതിലൊക്കെ നിത്യേന ഇടതുപക്ഷത്തിന് അനുകൂലമായി പോസ്റ്റുകൾ കാണുമ്പോൾ നമ്മൾ അതിനെ തന്നെ ആശ്രയിക്കും. പക്ഷേ ഇപ്പോൾ കാണുന്ന പ്രവണത, അത്തരം ഗ്രൂപ്പുകൾ വിലയ്ക്കു വാങ്ങുന്നതാണ്. അത്തരം ഗ്രൂപ്പുകളുടെ അഡ്മിന്മാരായി പ്രവർത്തിക്കുന്നവർ ചിലപ്പോൾ ഒരാൾ മാത്രമാകാം. അവരെ വിലയ്ക്ക് വാങ്ങുകയാണ്. അവരെ വിലയ്ക്കു വാങ്ങി കഴിഞ്ഞാൽ, ആ അഡ്മിൻ നേരത്തെ നടത്തിയതുപോലുള്ള കാര്യമല്ല പോസ്റ്റായി വരുന്നത്. ഇടതുപക്ഷ വിരുദ്ധ, സിപിഐഎം വിരുദ്ധ പോസ്റ്റുകളാണ് വരുന്നത്. ഇത് പുതിയ കാലത്ത് നാം നേരിടുന്ന വെല്ലുവിളിയാണ്''. ജയരാജൻ പറഞ്ഞു.

കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ച ജയരാജൻ 1,08,982 വോട്ടിനാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനോട് പരാജയപ്പെട്ടത്.

To advertise here,contact us