'കേസ് തീർക്കാൻ യുവതി ഒപ്പിട്ട് തന്നു, രഹസ്യമൊഴി ബാധിക്കില്ല'; പന്തീരാങ്കാവ് കേസിൽ പ്രതിഭാഗം വക്കീൽ

രഹസ്യമൊഴി രേഖപ്പെടുത്തിയത് കേസിനെ ബാധിക്കില്ലെന്നും പ്രതിഭാഗം വക്കീൽ

കോഴിക്കോട്: തിരുവനന്തപുരത്ത് വച്ച് പരാതിക്കാരി കേസ് തീർക്കാനുള്ള രേഖകൾ ഒപ്പിട്ട് തന്നുവെന്ന് പന്തീരാങ്കാവ് പീഡനക്കേസിലെ പ്രതി ഭാഗം വക്കീൽ. രഹസ്യമൊഴി രേഖപ്പെടുത്തിയത് കേസിനെ ബാധിക്കില്ലെന്നും പ്രതിഭാഗം വക്കീൽ പറഞ്ഞു. പൊലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ഈ കേസിന് കാരണം. പരാതിക്കാരിക്ക് പരിക്ക് പറ്റിയെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് പോലും ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കുറ്റമറ്റ രീതിയിൽ അന്വേഷിച്ചിരുന്നുവെങ്കിൽ പൊലീസിനെതിരെ പോലും നടപടി ഉണ്ടാവില്ലായിരുന്നു. കഴിഞ്ഞ 29നാണ് അഫിഡവിറ്റ് യുവതി ഒപ്പ് വച്ചത്. അതിന് ശേഷമാണ് മാധ്യമങ്ങൾക്ക് മുന്നിൽ വന്നതെന്നും പ്രതിഭാഗം വക്കീൽ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം കേസിലെ മൊഴി മാറ്റി യുവതി രംഗത്തെത്തിയിരുന്നു. സ്ത്രീധന പീഡനമടക്കമുള്ള ആരോപണങ്ങൾ തള്ളിയ യുവതി, താൻ പറഞ്ഞതെല്ലാം കള്ളമാണെന്നും പ്രതിയായ രാഹുൽ നിരപരാധിയാണെന്നുമാണ് യൂട്യൂബ് വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. എന്നാൽ ഇത് അന്വേഷണത്തെ ബാധിക്കില്ലെന്നും ആരോപണം ഭീഷണിപ്പെടുത്തിയോ പ്രതിഫലം നൽകിയോ ആകാമെന്നുമാണ് പൊലീസ് പറയുന്നത്.

രക്ഷിതാക്കൾ നിർബന്ധിച്ചതിനെ തുടർന്നാണ് രാഹുലിനെതിരെ മൊഴി നൽകിയതെന്ന് യുവതി പറയുമ്പോൾ മകളെ ഭീഷണിപ്പെടുത്തിയാണ് മൊഴിമാറ്റിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. രാഹുൽ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. സ്ത്രീധനം ആവശ്യപെട്ടിട്ടില്ല. തന്റെ ആരോപണങ്ങളെല്ലാം നുണയായിരുന്നു. രാഹുൽ നേരത്തേ വിവാഹം കഴിച്ചത് അറിയാമായിരുന്നു. പുറത്ത് പറയേണ്ടെന്ന് പറഞ്ഞത് താനാണെന്നും യുവതി മൊഴിമാറ്റി. തനിക്ക് കുറ്റബോധമുണ്ട്. വീട്ടുകാര് പറഞ്ഞതിനാലാണ് ആരോപണം ഉന്നയിച്ചത്. അച്ഛന്റെയും അമ്മയുടെയുമൊപ്പം വീട്ടിലേക്ക് മടങ്ങിയത് സമ്മതമില്ലാതെയാണ്. തനിക്ക് രാഹുലേട്ടനൊപ്പം നില്ക്കാനായിരുന്നു താത്പര്യമെന്നും യുവതി നേരിട്ട് വീഡിയോയിലൂടെ പറഞ്ഞിരുന്നു.

അതേസമയം പന്തീരാങ്കാവ് പീഡനക്കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. അഞ്ച് ദിവസത്തിനകം കുറ്റപത്രം നൽകുമെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ സഹായിച്ച സീനിയർ പൊലീസ് ഓഫീസറെ ഇന്ന് ചോദ്യം ചെയ്യും. കേസിൽ അഞ്ചാം പ്രതിയാണ് പൊലീസുകാരൻ.

To advertise here,contact us