പന്തീരാങ്കാവ് കേസിൽ കുറ്റപത്രം അഞ്ച് ദിവസത്തിനകം; പൊലീസ് ഓഫീസറെ ഇന്ന് ചോദ്യം ചെയ്യും

പ്രതിയെ സഹായിച്ച സീനിയർ പൊലീസ് ഓഫീസറെ ഇന്ന് ചോദ്യം ചെയ്യും

കോഴിക്കോട്: പന്തീരാങ്കാവ് പീഡനക്കേസിൽ കുറ്റപത്രം ഉടനെന്ന് പൊലീസ്. അഞ്ച് ദിവസത്തിനകം കുറ്റപത്രം നൽകുമെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ സഹായിച്ച സീനിയർ പൊലീസ് ഓഫീസറെ ഇന്ന് ചോദ്യം ചെയ്യും. കേസിൽ അഞ്ചാം പ്രതിയാണ് പൊലീസുകാരൻ. മാത്രമല്ല പരാതിക്കാരിയുടെ മൊഴിമാറ്റം അന്വേഷണത്തെ ബാധിക്കില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയാകാം മൊഴിമാറ്റിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സ്ത്രീധന പീഡനമടക്കമുള്ള ആരോപണങ്ങൾ തള്ളി യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താൻ പറഞ്ഞതെല്ലാം കള്ളമാണെന്നും പ്രതിയായ രാഹുൽ നിരപരാധിയാണെന്നുമായിരുന്നു യുവതി യൂട്യൂബ് വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. എന്നാൽ ഇത് അന്വേഷണത്തെ ബാധിക്കില്ലെന്നും ആരോപണം ഭീഷണിപ്പെടുത്തിയോ പ്രതിഫലം നൽകിയോ ആകാമെന്നുമാണ് പൊലീസ് പറയുന്നത്.

രക്ഷിതാക്കൾ നിർബന്ധിച്ചതിനെ തുടർന്നാണ് രാഹുലിനെതിരെ മൊഴി നൽകിയതെന്ന് യുവതി പറയുമ്പോൾ മകളെ ഭീഷണിപ്പെടുത്തിയാണ് മൊഴിമാറ്റിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. രാഹുൽ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. സ്ത്രീധനം ആവശ്യപെട്ടിട്ടില്ല. തന്റെ ആരോപണങ്ങളെല്ലാം നുണയായിരുന്നു. രാഹുൽ നേരത്തേ വിവാഹം കഴിച്ചത് അറിയാമായിരുന്നു. പുറത്ത് പറയേണ്ടെന്ന് പറഞ്ഞത് താനാണെന്നും യുവതി മൊഴിമാറ്റി. തനിക്ക് കുറ്റബോധമുണ്ട്. വീട്ടുകാര് പറഞ്ഞതിനാലാണ് ആരോപണം ഉന്നയിച്ചത്. അച്ഛന്റെയും അമ്മയുടെയുമൊപ്പം വീട്ടിലേക്ക് മടങ്ങിയത് സമ്മതമില്ലാതെയാണ്. തനിക്ക് രാഹുലേട്ടനൊപ്പം നില്ക്കാനായിരുന്നു താത്പര്യമെന്നും യുവതി നേരിട്ട് വീഡിയോയിലൂടെ പറഞ്ഞിരുന്നു.

ഇതിനിടെ യുവതിയെ കാണാനില്ലെന്ന് ആരോപണവുമായി സഹോദരൻ രംഗത്തെത്തി. യുവതിയെ കുറിച്ച് ഇന്നലെ മുതൽ വിവരമൊന്നുമില്ല. മെയ് 28 ന് ശേഷം ഒരാഴ്ചയായി ഓഫീസിൽ ചെന്നിട്ടില്ലെന്നും യുവതി നിലപാട് മാറ്റിയത് രാഹുലിൻ്റെ സമ്മർദ്ദത്തിന് വഴങ്ങിയാവാം എന്നും സഹോദരൻ പറഞ്ഞു. യുവതിയുടെ ഫോണ് സ്വിച്ച് ഓഫാണെന്ന് യുവതിയുടെ അമ്മ റിപ്പോര്ട്ടറിനോട് പ്രതികരിച്ചിരുന്നു.

To advertise here,contact us