ധനാഭ്യർത്ഥന ചർച്ചകൾ ഇന്ന് മുതൽ; പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉന്നയിക്കാൻ പ്രതിപക്ഷം,സഭ പ്രക്ഷുബ്ധമാകും

തദ്ദേശ വാർഡ് വിഭജന ബില്ല് ചർച്ചകൾ കൂടാതെ പാസാക്കിയ സർക്കാർ നടപടിയും പ്രതിപക്ഷം സഭാ തലത്തിൽ ഉയർത്തും. വിഷയത്തിൽ റൂളിംഗ് ആവശ്യപ്പെട്ട് ഇന്നലെ തന്നെ പ്രതിപക്ഷം സ്പീക്കറെ സമീപിച്ചിട്ടുണ്ട്.

തിരുവനന്തപുരം: ഈ സാമ്പത്തിക വർഷത്തെ ബജറ്റിന്മേലുള്ള ധനാഭ്യർത്ഥന ചർച്ചകൾക്ക് നിയമസഭയിൽ ഇന്ന് തുടക്കമാകും. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പ്രതിപക്ഷം ഇന്ന് സഭയിൽ ഉന്നയിക്കും. ബാർ കോഴ ആരോപണത്തിൽ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയമ സഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും

2024 - 25 സാമ്പത്തിക വർഷത്തെ ബജറ്റിന്മേലുള്ള ധനാഭ്യർത്ഥന ചർച്ചകളും വോട്ടെടുപ്പുമാണ് ഈ സഭാസമ്മേളനത്തിന്റെ പ്രധാന അജണ്ട. ചർച്ചകൾക്ക് ഇന്ന് തുടക്കം കുറിക്കും. അജണ്ടകൾക്ക് പുറത്തുള്ള രാഷ്ട്രീയ വിവാദങ്ങളും സഭാതലത്തെ ചൂട് പിടിപ്പിക്കും. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി വിഷയമാണ് പ്രതിപക്ഷം ഇന്ന് ശൂന്യവേളയിൽ സർക്കാരിനെതിരെ ആയുധമാക്കുക. തദ്ദേശ വാർഡ് വിഭജന ബില്ല് ചർച്ചകൾ കൂടാതെ പാസാക്കിയ സർക്കാർ നടപടിയും പ്രതിപക്ഷം സഭാ തലത്തിൽ ഉയർത്തും. വിഷയത്തിൽ റൂളിംഗ് ആവശ്യപ്പെട്ട് ഇന്നലെ തന്നെ പ്രതിപക്ഷം സ്പീക്കറെ സമീപിച്ചിട്ടുണ്ട്.

ബാർകോഴ വിവാദത്തിന്റെ തുടർ പ്രതികരണങ്ങളും സഭയിൽ ഉണ്ടാകും. നിയമസഭക്കകത്തും പുറത്തും വിഷയം ഒരുപോലെ സജീവമാക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇന്ന് നിയമസഭയിലേക്ക് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച് ആഹ്വാനം ചെയ്തിട്ടുണ്ട്. ജുഡീഷ്യൽ അന്വേഷണവും എക്സൈസ് - ടൂറിസം മന്ത്രിമാരുടെ രാജിയുമാണ് മുഖ്യ ആവശ്യം.

To advertise here,contact us