'നയിക്കാന് നായകന് വരട്ടെ, നിങ്ങളില്ലെങ്കില് ഞങ്ങളുമില്ല'; കോഴിക്കോട് കെ മുരളീധരനായി പോസ്റ്റര്

'കോഴിക്കോട്ടെ കോണ്ഗ്രസ് പ്രവര്ത്തകര്' എന്ന പേരിലാണ് പോസ്റ്റര്.

കോഴിക്കോട്: രാഷ്ട്രീയ പ്രവര്ത്തനത്തില് നിന്നും മാറി നില്ക്കുകയാണെന്ന് ആവര്ത്തിക്കുന്ന കോണ്ഗ്രസ് നേതാവ് കെ മുരളീധരനായി കോഴിക്കോട് പോസ്റ്ററുകളും ബാനറുകളും. നയിക്കാന് നായകന് വരട്ടെ, നിങ്ങള് ഇല്ലെങ്കില് ഞങ്ങളുമില്ലെന്നാണ് ബാനറിലെ വാചകം. കെ മുരളീധരന് കെപിസിസി അധ്യക്ഷ പദവി അടക്കം വാഗ്ദാനം ചെയ്ത ഘട്ടത്തിലാണ് വൈകാരിക പ്രകടനവുമായി പോസ്റ്ററുകള് പ്രത്യക്ഷപ്പെട്ടത്.

അന്ന് വടകരയിലും നേമത്തും ഇപ്പോള് തൃശൂരിലും മത്സരിച്ചത് പാര്ട്ടി പ്രവര്ത്തകരുടെ അഭിമാനം സംരക്ഷിക്കാനാണ്. അഭിമാനത്തിനായി നിലകൊണ്ടതിന്റെ പേരിലാണ് പോര്ക്കളത്തില് ഇന്ന് വെട്ടേറ്റ് വീണത്. കെ മുരളീധരന് കോണ്ഗ്രസിന്റെ ഹൃദമാണെന്നും പോസ്റ്ററിലുണ്ട്. 'കോഴിക്കോട്ടെ കോണ്ഗ്രസ് പ്രവര്ത്തകര്' എന്ന പേരിലാണ് പോസ്റ്റര്.

തൃശൂരില് മൂന്നാം സ്ഥാനത്തേക്ക് പോയതോടെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കോ ഉപതിരഞ്ഞെടുപ്പില് മത്സരിക്കാനോ ഇല്ലെന്ന നിലപാടില് ഉറച്ചുനില്ക്കുകയാണ് മുരളീധരന്. മറിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് ഘട്ടത്തില് സജീവമായി ഉണ്ടാവുമെന്നും അത് ജനങ്ങളുടെയും പ്രവര്ത്തകരുടെയും തിരഞ്ഞെടുപ്പ് ആണെന്നും കെ മുരളീധരന് പറഞ്ഞു.

To advertise here,contact us