രാജ്യസഭാ സീറ്റ് തർക്കം; കേരള കോൺഗ്രസ് എമ്മുമായി സിപിഐഎം ചർച്ച ഉടൻ

കോട്ടയത്ത് പരാജയപ്പെട്ടതോടെ പാർലമെന്റിൽ കേരള കോൺഗ്രസ് എമ്മിന് പ്രാതിനിധ്യം ഇല്ലാതായി

കോട്ടയം: എൽഡിഎഫിലെ രാജ്യസഭാ സീറ്റ് തർക്കത്തിൽ ഉഭയകക്ഷി ചർച്ചകളിലേക്ക് സിപിഐഎം. കേരള കോൺഗ്രസ് എമ്മുമായി സിപിഐഎം ഉടൻ ചർച്ച നടത്തും. കോട്ടയത്ത് പരാജയപ്പെട്ടതോടെ പാർലമെന്റിൽ കേരള കോൺഗ്രസ് എമ്മിന് പ്രാതിനിധ്യം ഇല്ലാതായി. ഈ പശ്ചാത്തലത്തിൽ രാജ്യസഭാ സീറ്റ് നൽകണമെന്നാണ് ആവശ്യം.

നാളെ നടക്കുന്ന സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിനുശേഷമാകും ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കുക. രാജ്യസഭയിലേക്ക് നാമനിർദ്ദേശപത്രിക നൽകാനുള്ള സമയം ഇന്ന് ആരംഭിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ രാജ്യസഭാ സീറ്റിൽ വിട്ടുവീഴ്ചയില്ലെന്ന് അറിയിച്ച് സിപിഐ രംഗത്തെത്തിയിരുന്നു.

രാജ്യസഭാ സീറ്റിനുള്ള അവകാശവാദം കൈവിടാതെത്തന്നെ മുന്നണിയോഗത്തിന് പോകാനാണ് കേരളാ കോണ്ഗ്രസിന്റെ തീരുമാനം. പാർട്ടിക്കുമുന്നിൽ മൂന്നു വഴികളാണുള്ളത്. രാജ്യസഭാ സീറ്റിലേക്ക് ചെയർമാൻ ജോസ് കെ. മാണി പരിഗണിക്കപ്പെട്ടില്ലെങ്കിൽ മുന്നണിനേതൃത്വം നിർദേശിക്കുന്ന ഒത്തുതീർപ്പിന് വഴങ്ങുക. ഒരു ഉപാധിയുമില്ലാതെ ഇനിയൊരു അവസരം കാത്ത് മുന്നണിയിൽ തുടരുക. യുഡിഎഫിലേക്കുള്ള മടക്കം എന്നിവയാണ് അവ.

ഈ മാസം അവസാനം ഒഴിവു വരുന്ന മൂന്ന് രാജ്യസഭ സീറ്റില് നിലവിലെ അംഗ ബലം വച്ച് രണ്ട് സീറ്റില് എല്ഡിഎഫിന് വിജയിക്കാനാകും. അതില് ഒരു സീറ്റ് സിപിഐഎം ഏറ്റെടുക്കും. ബാക്കി വരുന്ന മറ്റൊരു സീറ്റിലേക്ക് അവകാശമുന്നയിച്ച് സിപിഐ, കേരള കോണ്ഗ്രസ് എം, ആര്ജെഡി, എന്സിപി എന്നിവര് രംഗത്തുണ്ട്. ആര്ജെഡിയ്ക്കും എന്സിപിയ്ക്കും സീറ്റ് ലഭിച്ചേക്കില്ല. സിപിഐയും കേരള കോണ്ഗ്രസ് എമ്മുമാണ് പിന്നെ പ്രധാനികള്. എന്നാല് മുന്നണിയിലെ രണ്ടാമത്തെ ഘടകകക്ഷിയായ തങ്ങള്ക്ക് ജയിക്കാന് കഴിയുന്ന ഒരു സീറ്റ് കിട്ടിയേ മതിയാകൂ എന്ന നിലപാടാണ് സിപിഐക്ക്. സീറ്റിന്റെ കാര്യത്തില് വിട്ട് വീഴ്ചയ്ക്കില്ലെന്ന് സിപിഐഎമ്മിനെ സിപിഐ അറിയിച്ചിട്ടുണ്ട്.

ക്യാബിനറ്റ് റാങ്കോട് കൂടി ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷസ്ഥാനം കേരള കോണ്ഗ്രസിന് നല്കുന്നതിന് വിയോജിപ്പില്ലെന്നാണ് സിപിഐ നിലപാട്. എന്നാല് ലോക്സഭയിലുണ്ടായിരുന്ന ഒരു സീറ്റില് പരാജയപ്പെടുകയും, രാജ്യസഭാസീറ്റ് ഇല്ലാതിരിക്കുകയും ചെയ്യുന്നതില് കേരള കോണ്ഗ്രസ് എമ്മിന് അതൃപ്തിയുണ്ട്. അത് കൊണ്ട് സീറ്റ് ആവശ്യം കടുപ്പിക്കാനാണ് കേരള കോണ്ഗ്രസ് എമ്മിന്റെ നീക്കം.

2019-ൽ വി എൻ വാസവൻ നേടിയതിനെക്കാൾ 37,422 വോട്ടുകളാണ് കോട്ടയത്ത് ഇടതുമുന്നണിക്ക് കുറഞ്ഞത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും പാർട്ടി അണികളുടെയും അനുഭാവികളുടെയും ചേരിമാറി വോട്ടുചെയ്യൽ പ്രകടമായിരുന്നു.

To advertise here,contact us