ഉണ്ണിത്താന് ഇനി കാസർകോടിന്റെ വല്യത്താന്

സിപിഐഎമ്മിലെ എം വി ബാലകൃഷ്ണനാണ് രണ്ടാം സ്ഥാനം

കാസര്കോട്: കാസര്കോട് നിന്ന് രണ്ടാം തവണയും യുഡിഎഫിലെ രാജ്മോഹന് ഉണ്ണിത്താന് ലോക്സഭയിലേക്ക്. ചുവന്ന കോട്ടയായ കാസര്കോട് കഴിഞ്ഞ തവണ അട്ടിമറി വിജയമായിരുന്നു ഉണ്ണിത്താന്റേത്. ഇക്കുറിയും അത് ആവര്ത്തിച്ചു. സിപിഐഎമ്മിലെ എം വി ബാലകൃഷ്ണനാണ് രണ്ടാം സ്ഥാനം. എന്ഡിഎ സ്ഥാനാര്ഥി എം എല് അശ്വിനി മൂന്നാം സ്ഥാനത്തെത്തി.

കഴിഞ്ഞ തവണ സിപിഐഎം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രനെതിരെ 40438 വോട്ടുകള്ക്കായിരുന്നു ഉണ്ണിത്താന്റെ വിജയം. ഇതോടെ 35വര്ഷമായി സിപിഐഎമ്മിന്റെ കുത്തക മണ്ഡലമായ കാസര്കാട്ട് കോണ്ഗ്രസ് സ്ഥാനാര്ഥിയായ ഉണ്ണിത്താന് വിജയിക്കുകയായിരുന്നു. കഴിഞ്ഞ തവണ ഉണ്ണിത്താന് 4,74,961 വോട്ടായിരുന്നു നേടിയത്. സതീഷ്ചന്ദ്രന് 4,34,523ഉം ബിജെപിയിലെ രവീശതന്ത്രി കുണ്ടാറിന് 1,76,049 വോട്ടുമായിരുന്നു. 40,438ന്റെ ഭൂരിപക്ഷത്തിനായിരുന്നു ഉണ്ണിത്താന്റെ കഴിഞ്ഞ വര്ഷത്തെ വിജയം. 2019ല് ഉണ്ണിത്താന് 43.2% വോട്ട് നേടിയപ്പോള് സതീഷ്ചന്ദ്രന് 39.5 ശതമാനമാണ് നേടിയത്. 2021ലെ നിയമസഭ തിരഞ്ഞെടുപ്പില് ഏഴ് നിയസമഭ മണ്ഡലങ്ങളില് അഞ്ചും എല്ഡിഎഫിനൊപ്പമായിരുന്നു. ആ തിരഞ്ഞെടുപ്പില് എല്ഡിഎഫ് 45.47% നേടിയിരുന്നു.യുഡിഎഫിന്റെ വോട്ടുവിഹിതം 36.10% ആയിരുന്നു. എന്നിട്ടും മൂന്ന് വര്ഷത്തിനിപ്പുറവും ഉണ്ണിത്താന് ലോക്സഭയിലേക്ക് തന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.

2006ലെ നിയമസഭ തിരഞ്ഞെടുപ്പില് തലശ്ശേരി നിയമസഭ മണ്ഡലത്തില് കോടിയേരി ബാലകൃഷ്ണനെതിരെ മത്സരിച്ചെങ്കിലും ഉണ്ണിത്താന് പരാജയപ്പെട്ടിരുന്നു. 2016ല് സിപിഐഎമ്മിലെ ജെ മേഴ്സിക്കുട്ടിയോട് കുണ്ടറയിലും പരാജയം ഏറ്റുവാങ്ങി. 2015ല് കെപിസിസി ജനറല് സെക്രറിയായി തിരഞ്ഞെടുക്കപ്പെട്ടു. കെപിസിസി വക്താക്കളിലൊരാളാണ്. ചില മലയാള സിനിമയില് അഭിനയിച്ച ഉണ്ണിത്താന് 2015ല് കേരള സ്റ്റേറ്റ് ഫിലിം കോര്പ്പറേഷന്റെ ചെയര്മാന് സ്ഥാനവും വഹിച്ചിരുന്നു. 1953 ജൂണ് 10ന് കൊല്ലം കിളിക്കൊല്ലൂരിലാണ് ജനനം. എസ്എന് കേളേജിലായിരുന്നു ബിരുദ പഠനം. എസ് സുധാകുമാരിയാണ് ഭാര്യ. അഖില്, അമല്, അതുല് എന്നിവര് മക്കളാണ്.

To advertise here,contact us