ഇടതുമുന്നണിയുടെ അടിസ്ഥാന വോട്ടുകളില് ചോര്ച്ച ഉണ്ടാകില്ല; എക്സിറ്റ് പോളുകൾ തള്ളി എൽഡിഎഫ്

ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ടുകളില് ചോര്ച്ച ഉണ്ടാകില്ലെന്ന ഉറച്ച വിശ്വാസമാണ് സര്വേഫലങ്ങളെ തള്ളിക്കളയാന് നേതൃത്വത്തിന് ആത്മവിശ്വാസം പകരുന്നത്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് എക്സിറ്റ് പോളുകൾ തള്ളി എൽഡിഎഫ്. സര്വേ ഫലങ്ങള് വിശ്വാസ യോഗ്യമല്ലെന്നാണ് മുന്നണി നേതൃത്വത്തിന്റെ പ്രതികരണം. ഇടതുമുന്നണിയുടെ അടിസ്ഥാന വോട്ടുകളില് ചോര്ച്ച ഉണ്ടാകില്ലെന്ന ഉറച്ച വിശ്വാസമാണ് സര്വേഫലങ്ങളെ തള്ളിക്കളയാന് നേതൃത്വത്തിന് ആത്മവിശ്വാസം പകരുന്നത്.

ഏഴ് ഘട്ടമായി നടന്ന പൊതുതിരഞ്ഞെടപ്പിന്റെ പോളിങ്ങ് അവസാനിച്ചശേഷം പുറത്തുവന്ന എക്സിറ്റ് പോള് ഫലങ്ങള് ദേശീയ തലത്തില് ഇന്ഡ്യ സഖ്യത്തിനും സംസ്ഥാനത്ത് എല്ഡിഎഫിനും തിരച്ചടിയാണ് പ്രവചിക്കുന്നത്. എട്ട് മുതല് 12 സീറ്റ് പ്രതീക്ഷിക്കുമ്പോഴും കേരളത്തിലെ എക്സിറ്റ് പോള് ഫലങ്ങള് എതിരാകുമെന്ന് സിപിഐഎം നേരത്തെ തന്നെ വിലയിരുത്തിയിരുന്നു.

ദേശീയ മാധ്യമങ്ങളെല്ലാം ബിജെപിയുടെ സമ്മര്ദ്ദത്തിന് വഴങ്ങി പ്രവര്ത്തിക്കുന്നുവെന്ന് വിമര്ശിക്കുന്ന സിപിഐഎമ്മും എല്ഡിഎഫും അതുകൊണ്ട് തന്നെ എക്സിറ്റ് പോളുകളെ വിശ്വാസയോഗ്യമല്ലെന്ന് പറഞ്ഞ് തളളുകയാണ്. എല്ഡിഎഫ് എക്സിറ്റ് പോളുകള് യുക്തിസഹമല്ലെന്ന് ചൂണ്ടിക്കാട്ടുന്ന ഇടത് മുന്നണി അതിന് കാരണമായി പറയുന്നത്. കേരളത്തില് ബിജെപി ഒന്ന് മുതല് മൂന്ന് സീറ്റ് വരെ നേടുമെന്ന പ്രവചനമാണ്. എന്നാല്, അതൊരിക്കലും സംഭവിക്കില്ലെന്നാണ് സിപിഐഎം നേതൃത്വം കാണുന്നത്.

ബിജെപിയുടെ പ്രതീക്ഷ വോട്ടെണ്ണലിന്റെ തലേദിവസം വരെ, വോട്ടെണ്ണിയാൽ അത് തീരും: കെ മുരളീധരൻ

മുന്നണിയുടെ അടിസ്ഥാന വോട്ടുകളില് ചോര്ച്ച വന്നാലേ എക്സിറ്റ് പോളുകള് പ്രവചിക്കുന്ന ഫലം ഉണ്ടാകുകയുള്ളൂ. ഏറ്റവും മോശം രാഷ്ട്രീയ സാഹചര്യത്തില് നടന്ന കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില് പോലും അടിസ്ഥാന വോട്ടുകള് നിലനിര്ത്തി. അതുകൊണ്ട് പ്രവചനം ശരിയാകില്ലെന്ന പ്രതീക്ഷയിലാണ് എല്ഡിഎഫ്. പ്രതീക്ഷ ശരിയോ തെറ്റോയെന്ന് അറിയാന് വേണ്ടത് മണിക്കൂറുകള് മാത്രം. വേവുവോളം കാക്കാമെങ്കില് പിന്നെ ആറുവോളം കാത്തുകൂടെ എന്നാണ് നേതാക്കള് ചോദിക്കുന്നത്.

To advertise here,contact us