'കാഫിര്' പ്രയോഗം: താന് വ്യാജ പ്രചാരണത്തിന്റെ ഇര; ഹൈക്കോടതിയെ സമീപിച്ച് പി കെ കാസിം

വിവാദ വാട്സ്ആപ്പ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും ഹര്ജിയില് ആവശ്യപ്പെടുന്നു.

കോഴിക്കോട്: വടകരയിലെ 'കാഫിര്' പ്രയോഗത്തില് പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നേതാവ് പി കെ കാസിം ഹൈക്കോടതിയെ സമീപിച്ചു. താന് വ്യാജ സ്ക്രീന് ഷോട്ട് പ്രചാരണത്തിന്റെ ഇരയാണ്. ഏപ്രില് 25 ന് വടകര പൊലീസില് പരാതി നല്കിയിട്ടും നടപടിയെടുത്തില്ല. സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്താന് പൊലീസിന് നിര്ദേശം നല്കണമെന്നും ഹര്ജിയിലൂടെ ആവശ്യപ്പെട്ടു. പി കെ കാസിമിന്റെ ഹര്ജി ഹൈക്കോടതി നാളെ പരിഗണിക്കും.

വിവാദ വാട്സ്ആപ്പ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും ഹര്ജിയില് ആവശ്യപ്പെടുന്നു. യൂത്ത് ലീഗ് നിടുബ്രമണ്ണ എന്ന പേരില് വ്യാജ പോസ്റ്റ് നിര്മ്മിച്ചതെന്നും അമ്പാടിമുക്ക് സഖാക്കള് എന്ന ഐഡിയിലാണ് താന് ഈ സന്ദേശം ആദ്യമായി കാണുന്നതെന്നും ഹര്ജിയില് പറയുന്നുണ്ട്.

സംഭവത്തില് മുന് എംഎല്എ കെകെ ലതികയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വടകര എസ്എച്ച്ഒയുടെ നേതൃത്വത്തിലുളള സംഘം വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. കാഫിര് പ്രയോഗമുള്ള വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്ക്രീന്ഷോട്ട് ലതിക ഫേസ്ബുക്കില് പോസ്റ്റ് ചെയ്തിരുന്നു.

To advertise here,contact us