'ദേവനന്ദ കമന്റുകള് വായിക്കുന്നുണ്ട്, ഈ സമൂഹത്തിലാണ് വളരുന്നതെന്ന് അവള് അറിയണം'; അച്ഛന് ജിബിന്

മതപരമോ രാഷ്ട്രീയമോ ആയ വിഷയത്തിലോ അല്ല മകള് പ്രതികരിച്ചത്. വ്യക്തിപരമായ വിഷയത്തിലാണ്.

കൊച്ചി: സൈബര് ആക്രമണത്തില് ബാലതാരം ദേവനന്ദയ്ക്ക് മാനസിക ബുദ്ധിമുട്ടുണ്ടായെന്ന് അച്ഛന് ജിബിന്. തനിക്കെതിരെ നടക്കുന്ന ആക്രമണം ദേവനന്ദ ശ്രദ്ധിക്കുന്നുണ്ട്. താന് ഇത്തരമൊരു സമൂഹത്തിലാണ് ജീവിക്കുന്നതെന്ന് മകള് അറിയേണ്ടതുണ്ടെന്ന ബോധ്യത്തിലാണ് അക്കാര്യങ്ങള് ശ്രദ്ധയില്പ്പെടുത്തിയതെന്നും ദേവനന്ദ റിപ്പോര്ട്ടര് ടി വിയോട് പറഞ്ഞു.

'ദേവനന്ദ ഈ വീഡിയോസും കമന്റും കാണുകയും വായിക്കുകയും ചെയ്യുന്നുണ്ട്. എന്റെ കുട്ടി അത് കാണുകയും ഇത്തരമൊരു സമൂഹത്തിലാണ് ജീവിക്കുന്നത് എന്നറിയേണ്ടതുണ്ട് എന്നതിനാലുമാണ് അതെല്ലാം കാണിച്ച് പോകുന്നത്. കുട്ടിയെ അറിയിക്കരുതെന്ന് എല്ലാവരും പറഞ്ഞു. പക്ഷെ ഈ കാലഘട്ടം ഇങ്ങനെയാണെന്ന് അറിഞ്ഞ് വളരേണ്ടതുണ്ട്. അവള്ക്ക് മാനസിക ബുദ്ധിമുട്ടുണ്ട്. എന്തുകൊണ്ടാണിങ്ങനെയെന്ന് അവള് ചോദിക്കുന്നുണ്ട്.' റിപ്പോര്ട്ടര് സൂപ്പര് 60 യില് ആയിരുന്നു ജിബിന്റെ പ്രതികരണം.

തന്റെ മകള്ക്ക് മാത്രം നേരിടേണ്ടി വന്ന ഒരു കാര്യമല്ല ഇത്. മറ്റുപലരും സംസാരിക്കുന്നതുപോലെ മാത്രമെ സംസാരിക്കാവു എന്നാണ് കമന്റില് നിന്നും മനസ്സിലാവുന്നത്. സിനിമാ പ്രമോഷന്റെ ഭാഗമായിട്ട് നല്കിയ അഭിമുഖത്തിലെ ഒരു ഭാഗത്തിനെതിരെയാണ് സൈബര് ആക്രമണം. മുന്നൂറിലധികം ചാനലുകളില് വീഡിയോയുടെ ഭാഗം പ്രചരിച്ചുവെന്ന് അറിഞ്ഞപ്പോഴാണ് സൈബര് ആക്രമണത്തിന്റെ വ്യാപ്തി മനസ്സിലായത്. 85 ലക്ഷം കാഴ്ച്ചക്കാരുണ്ടായിരുന്ന ഒരു ചാനലിനെ വിളിച്ച് വീഡിയോ നീക്കം ചെയ്യാന് ആവശ്യപ്പെട്ടപ്പോള് 'ഞങ്ങള് കണ്ടന്റ്റൈറ്റേഴ്സ് ആണ്. സൗകര്യമുള്ളത് ചെയ്യും. ഇവിടെ നിയമമില്ല. പ്രത്യേകിച്ച് നിങ്ങള്ക്ക് ഒന്നും ചെയ്യാനില്ല. നിങ്ങള് നിങ്ങളുടെ കാര്യം നോക്കൂ' എന്നായിരുന്നു ലഭിച്ച മറുപടി എന്നും ജിബിന് പറഞ്ഞു.

കമന്റിടുന്നവരുടെ പ്രൊഫൈലുകളില് പലരുടെയും ഡിസ്പ്ലേ പിച്ചര് സ്വന്തം കുട്ടികള്ക്കൊപ്പം നില്ക്കുന്നതാണ്. മാനസികമായ അസുഖമാണിത്. കൂട്ടമായി ആക്രമിക്കുക. വീഡിയോയുടെ താഴെ വരുന്ന ആദ്യത്തെ പത്ത് കമന്റിന്റെ സ്വഭാവത്തിന് അനുസരിച്ചിരിക്കും അടുത്തത്. നല്ലതാണെങ്കില് നല്ലതായിരിക്കും, അല്ലെങ്കില് മോശമായിരിക്കും. മതപരമോ രാഷ്ട്രീയമോ ആയ വിഷയത്തിലോ അല്ല മകള് പ്രതികരിച്ചത്. വ്യക്തിപരമായ വിഷയത്തിലാണ്. ഇത്രയും മോശമായ പദപ്രയോഗങ്ങള് നടത്തുന്നവര്ക്കൊപ്പം ജിവിക്കുന്ന കുട്ടികളെക്കുറിച്ചാണ് ആലോചിക്കുന്നത്. മുന്നൂറിലധികം വീഡിയോകള് ഇതിനകം നീക്കം ചെയ്തിട്ടുണ്ടെന്നും ജിബിന് അറിയിച്ചു.

To advertise here,contact us