പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 80 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും. പട്ടാമ്പി പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത് ഒൻപതുകാരിയെ അമ്മയുടെ അറിവോടെ രണ്ടാനച്ഛൻ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയ്ക്ക് മൂന്നുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
പാലക്കാട് ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ 2023ൽ റിപ്പോർട്ട് ചെയ്ത കേസിലാണ് ജസ്റ്റിസ് രാമു രമേശ് ചന്ദ്രഭാനുവിന്റെ ശിക്ഷാവിധി. തൃശൂർ പെരുമ്പിലാവ് സ്വദേശിയാണ് 45കാരനായ പ്രതി. പിഴയായി അടയ്ക്കുന്ന തുക അതിജീവിതയ്ക്ക് നൽകാനാണ് കോടതി ഉത്തരവ്. കേസിൽ 17 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. ചാലിശ്ശേറി എസ്എച്ച്ഒ സതീഷ് കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.