ആക്രി കച്ചവടത്തിന്റെ പേരിൽ ജിഎസ്ടി തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

ഓപ്പറേഷൻ പാം ട്രീ എന്ന പേരിൽ ഇന്നലെയായിരുന്നു ജിഎസ്ടി വകുപ്പിന്റെ സംസ്ഥാന വ്യാപക പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് ആക്രി കച്ചവടത്തിന്റെ പേരിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി സന്ദീപ് സതി സുധയാണ് അറസ്റ്റിലായത്. ഓപ്പറേഷൻ പാം ട്രീ എന്ന പേരിൽ ഇന്നലെയായിരുന്നു ജിഎസ്ടി വകുപ്പിന്റെ സംസ്ഥാന വ്യാപക പരിശോധന.

പരിശോധനയിൽ 1170 കോടി രൂപയുടെ വ്യാജ ഇടപാടാണ് ആക്രി, സ്റ്റീൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് കണ്ടെത്തിയത്. ഇതുവഴി 209 കോടി രൂപയുടെ നികുതി നഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ. സംസ്ഥാനത്താകെ 148 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ഷെൽ കമ്പനികളുണ്ടാക്കി നികുതി വെട്ടിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു വ്യാപക പരിശോധന നടത്തിയത്.

എന്ഫോഴ്സ്മെന്റ് വിഭാഗവും സംസ്ഥാന ജിഎസ്ടി രഹസ്യാന്വേഷണ വിഭാഗവും ചേർന്നാണ് സംസ്ഥാന വ്യാപക പരിശോധന നടത്തിയത്. ഇതര സംസ്ഥാന തൊഴിലാളികളുടെ പേരിലാണ് വെട്ടിപ്പുകൾ നടക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ജോലി വാഗ്ദാനം ചെയ്ത് ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്ന് ഐഡികാർഡുകൾ കൈക്കലാക്കും. ഇവരുടെ പേരുകളിൽ വ്യാജ രജിസ്ട്രേഷൻ എടുക്കും. ഇങ്ങനെയാണ് തട്ടിപ്പ് നടന്നുവരുന്നത്. ഇത്തരത്തിൽ നികുതി വെട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെയുള്ള അന്വേഷണവും നടപടികളും തുടർന്നും ശക്തമാക്കുമെന്ന് സംസ്ഥാന ജിഎസ്ടി കമ്മീഷണര് അറിയിച്ചു.

To advertise here,contact us