തൃശൂരിലെ അപ്രതീക്ഷിത വെള്ളക്കെട്ട്: കോര്പ്പറേഷന് സെക്രട്ടറിയോട് വിശദീകരണം തേടുമെന്ന് കളക്ടര്

കനത്ത മഴയില് ജില്ലയില് ഏഴ് വീടുകള് ഭാഗീകമായി തകര്ന്നു

തൃശൂര്: തൃശൂരില് അപ്രതീക്ഷിത വെള്ളക്കെട്ടുണ്ടായ വിഷയത്തില് കോര്പ്പറേഷന് സെക്രട്ടറിയോട് വിശദീകരണം തേടുമെന്ന് ജില്ലാ കളക്ടര്. കോര്പ്പറേഷന് സെക്രട്ടറിയെ വിളിച്ചുവരുത്തും. ഓട വൃത്തിയാക്കുന്നതിന് തിരഞ്ഞെടുപ്പ് തടസമായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് കോര്പ്പറേഷന് സെക്രട്ടറിയോട് വിശദീകരണം തേടുമെന്നും കളക്ടര് കൃഷ്ണ തേജ പ്രതികരിച്ചു.

എല്ലാ തദ്ദേശ സ്ഥാപനങ്ങള്ക്കും നിര്ദ്ദേശം നല്കി. ആവശ്യമെങ്കില് ദുരിതാശ്വാസ ക്യാമ്പുകള് തുറക്കും. മഴവെള്ളം ഒഴുകിപ്പോകാന് ആവശ്യമെങ്കില് ഏമ്മാക്കല് ബണ്ട് തുറക്കുമെന്നും കനത്ത മഴയില് ജില്ലയില് ഏഴ് വീടുകള് ഭാഗീകമായി തകര്ന്നുവെന്നും കളക്ടര് അറിയിച്ചു.

തൃശൂരിലെ വെള്ളക്കെട്ട് ഭരണകക്ഷിയുടെ സംഭാവനയാണെന്ന് കോര്പ്പറേഷന് പ്രതിപക്ഷനേതാവ് രാജന് പല്ലന് ആരോപിച്ചു. തോട് ശുദ്ധീകരണ ടെന്ററില് കോര്പ്പറേഷന് നടപടി സ്വീകരിച്ചില്ല. തിരഞ്ഞെടുപ്പല്ല വെള്ളക്കെട്ടിന് കാരണം. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മേയര് രാജിവെക്കണം. വിഷയത്തില് സര്ക്കാര് ഇടപെടണമെന്നും രാജന് പല്ലന് ആവശ്യപ്പെട്ടു.

തൃശൂരിലെ അശ്വിനി ആശുപത്രിയില് അടക്കം വെള്ളം കയറിയിരുന്നു. കാഷ്വാലിറ്റി വിഭാഗം പ്രവര്ത്തിക്കുന്ന കെട്ടിടത്തിലാണ് വെള്ളം കയറിയത്. 2018ല് പോലും ഇത്രയും വെള്ളം ആശുപത്രിയില് കയറിയിട്ടില്ലെന്നാണ് ജീവനക്കാര് പറയുന്നത്. വെള്ളം കയറിയതോടെ പല വീടുകളും വാസയോഗ്യമല്ലാതായിരിക്കുകയാണ്.

തൃശൂര്-കോഴിക്കോട് ദേശീയപാതയില് കാക്കഞ്ചേരി സ്പിന്നിങ് മില്ലിന് സമീപം മണ്ണിടിച്ചിലുണ്ടായി. ഇതേതുടര്ന്ന് ഗതാഗതം വഴിതിരിച്ചുവിട്ടിരുന്നു. തൃശൂര് ചേറ്റുപുഴ റോഡില് മരം കടപുഴകി വീണു. 11 കെവി ലൈനിന് മുകളിലൂടെ റോഡിന് കുറുകെയാണ് മരം വീണത്. അഗ്നി രക്ഷാ സേനയെത്തിയാണ് മരം മുറിച്ച് മാറ്റിയത്.

മഴയില് 'മുങ്ങി' സംസ്ഥാനം; വെള്ളക്കെട്ട് രൂക്ഷം, ആശുപത്രികളിലും വെള്ളം കയറി

To advertise here,contact us