ജിഎസ് ടി ഉദ്യോഗസ്ഥരുടെ പഞ്ചനക്ഷത്ര ഹോട്ടലിലെ പരിശീലനം; 40ലേറെ പേർ കൊച്ചിയിൽ തന്നെ ജോലി ചെയ്യുന്നവർ

പരിശീലനം കഴിഞ്ഞ് അഞ്ചാം നാൾ വിരമിക്കുന്നയാളും പരിശീലനത്തിൽ പങ്കെടുക്കുന്നു. എൻഫോഴ്മസ്മെൻ്റിലല്ലാത്ത 28 പേരും പരിശീലനത്തിൽ

കൊച്ചി: ജിഎസ്ടി എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർക്ക് വേണ്ടി നടത്തുന്ന ലക്ഷങ്ങൾ പൊടിപൊടിച്ചുള്ള പഞ്ചനക്ഷത്ര പരിശീലനത്തിൽ കൊച്ചിയിൽ താമസിച്ച് ജോലി ചെയ്യുന്നവരും പങ്കെടുക്കുന്നു. ഈ ഉദ്യോഗസ്ഥർക്കും ദിവസം 10000 രൂപയിലേറെ റൂമിന് വരുന്ന പഞ്ചനക്ഷത്ര താമസ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. പരീശീലനം കഴിഞ്ഞ് അഞ്ചാം നാൾ വിരമിക്കുന്ന എൻഫോഴ്സ്മെൻ്റിലില്ലാത്ത ഇടതുസംഘടനാ നേതാവും പഞ്ചനക്ഷത്ര പരിശീലന സംഘത്തിലുണ്ട്. സര്ക്കാര് സാമ്പത്തിക പ്രതിസന്ധിയില് നട്ടം തിരിയുമ്പോള് നികുതി പിരിച്ചെടുക്കേണ്ട സംസ്ഥാന ജിഎസ്ടി എന്ഫോഴ്സ്മെന്റ് വിഭാഗത്തിന് പഞ്ചനക്ഷത്ര ഹോട്ടലില് താമസിച്ച് പരിശീലനം നൽകുന്നതിലെ കൂടുതൽ പാഴ് ചിലവുകളാണ് റിപ്പോർട്ടർ അന്വേഷണത്തിൽ വ്യക്തമാകുന്നത്.

240 പേർക്ക് 38 ലക്ഷം രൂപയാണ് പഞ്ചനക്ഷത്ര താമസത്തിന് മാത്രം ചെലവ്. സർക്കാർ പരിപാടികൾ സർക്കാർ സ്ഥാപനങ്ങളിൽ തന്നെ നടത്തണമെന്ന ഉത്തരവ് ലംഘിച്ചാണ് പഞ്ചനക്ഷത്ര പരിശീലനം. ഇങ്ങനെ താമസിച്ച് പരിശീലനം കിട്ടുന്നവരിൽ 40 പേർ ജിഎസ് ടി കൊച്ചി ഓഫീസിലുള്ളവരാണ്. ജിഎസ്ടി എൻഫോഴ്സ്മെൻ്റിൻ്റെ പത്ത് സ്ക്വാഡുകളാണ് കൊച്ചിയിലുള്ളത്. ഓരോ സ്ക്വാഡിലും നാല് പേർ വീതം. ഇത് കൂടാതെ മുതിർന്ന ഉദ്യോഗസ്ഥർ വേറെയും കൊച്ചിയിൽ തന്നെയാണ് താമസം. പക്ഷേ ഇവർക്കെല്ലാവർക്കും ഒരു ദിവസം പതിനായിരത്തിലേറെ രൂപ വില വരുന്ന പഞ്ച നക്ഷത്ര സൗകര്യമാണ് അഞ്ചു ദിവസത്തേക്ക് ഒരുക്കിയിരിക്കുന്നത്.

പരിശീലനം സംസ്ഥാന ജിഎസ്ടി എൻഫോഴ്സ്മെൻ്റിലുള്ളവർക്ക് ആണെങ്കിലും ഇതിൽ ഉൾപ്പെടാത്ത 28 പേരുണ്ട് ഈ പട്ടികയിൽ ഉണ്ട്. എസ് വി ശിശിർ ആണ് പട്ടികയിലെ 12-ാമൻ. സംസ്ഥാന ജിഎസ്ടി ഇൻ്റലിജൻസ് തിരുവനന്തപുരം യൂണിറ്റിൻ്റെ ഡെപ്യൂട്ടി കമ്മീഷണറായ ശിശിർ ഇടതു സംഘടനയായ കെജിഒഎയുടെ ജില്ലാ ഭാരവാഹി കൂടിയാണ്. ഇദ്ദേഹം ഈ മാസം 31ന് വിരമിക്കും. അതായത് പരീശീലനം കഴിഞ്ഞാൽ വെറും നാല് ദിവസമാണ് അദ്ദേഹത്തിൻ്റെ സർവ്വീസ് കാലാവധി ശേഷിക്കുന്നത്. നാല് ദിവസത്തെ സേവനത്തിന് വേണ്ടിയാണ് സർക്കാർ ആയിരങ്ങൾ മുടക്കുന്നത്. പഞ്ചനക്ഷത്ര പരിശീലനത്തിൽ പങ്കെടുക്കുന്ന എൻഫോഴ്സ്മെൻ്റ് വിഭാഗത്തിലല്ലാത്ത പലരും ഇടതു സംഘടനാ നേതാക്കളുമാണ്.

To advertise here,contact us