കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്

പുലര്ച്ചെയുണ്ടായ മൂന്ന് മണിക്കൂര് നിര്ത്താതെയുള്ള മഴയാണ് വെള്ളക്കെട്ട് രൂക്ഷമാകാന് കാരണം

തിരുവനന്തപുരം: കനത്ത മഴയില് തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളില് വെള്ളം കയറി. റോഡുകളില് പലയിടത്തും വെള്ളക്കെട്ടാണ്. അട്ടക്കുളങ്ങരയില് വ്യാപാരസ്ഥാപനങ്ങളില് വെള്ളം കയറിയിരിക്കുകയാണ്. മുക്കോലയ്ക്കല് ചില വീടുകളിലും വെള്ളം കയറി. അട്ടക്കുളങ്ങര ബൈപ്പാസിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഇന്ന് പുലര്ച്ചെയുണ്ടായ മൂന്ന് മണിക്കൂര് നിര്ത്താതെയുള്ള കനത്ത മഴയാണ് ഇവിടെ വെള്ളക്കെട്ട് രൂക്ഷമാകാന് കാരണം. ഇവിടെ റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. സ്മാര്ട്ട് റോഡ് പ്രവൃത്തിയുടെ ഭാഗമായുള്ള കുഴികളെല്ലാം വെള്ളത്തിനടിയിലാണ്. ഇത് കൂടുതല് അപകടങ്ങളിലേക്ക് വഴിവെക്കുന്ന സ്ഥിതിയാണ്.

അട്ടക്കുളങ്ങരയില് മിക്ക വീടുകളിലും വെള്ളം കയറിയിരിക്കുകയാണ്. ചാല മാര്ക്കറ്റ്, മുക്കോല ഭാഗം എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. ഇന്ന് കനത്ത മഴ തുടര്ന്നാണ് വെള്ളക്കെട്ട് തീര്ത്തും ദുരിതമാകും. മുട്ടത്തടയിലും വീടുകളിലെല്ലാം വെള്ളം കയറി. ഇതോടെ മിക്കവര്ക്കും വീട്ടില് നിന്നും ഇറങ്ങാന് പറ്റാത്ത സ്ഥിതിയാണ്. എല്ലാ വര്ഷവും മഴ പെയ്താല് ഇതാണ് സ്ഥിതിയെന്ന് നാട്ടുകാര് പറയുന്നു.

ഇതിനിടെ സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില് റെഡ് അലേര്ട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളില് ഓറഞ്ച് അലേര്ട്ടും അഞ്ച് ജില്ലകളില് യെല്ലോ അലേര്ട്ടും പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില് റെഡ് അലേർട്ട്

വേനലിന് ആശ്വാസമായി തുടങ്ങിയ മഴ സംസ്ഥാനത്ത് അതിവേഗം ശക്തി പ്രാപിക്കുകയാണ്. ഇന്ന് മൂന്ന് ജില്ലകളില് അതിതീവ്ര മഴയ്ക്കുള്ള റെഡ് അലേര്ട്ടാണ് നല്കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എറണാകുളം ജില്ലകളില് ഓറഞ്ച് അലേര്ട്ടും തൃശൂര് മുതല് വയനാട് വരെയുള്ള അഞ്ച് ജില്ലകളില് യെല്ലോ അലേര്ട്ടും ഉണ്ട്. കണ്ണൂര്, കാസര്കോട് ജില്ലകളില് മഴമുന്നറിയിപ്പുകളില്ല. ബീച്ചിലേക്കുള്ള യാത്രകള് ഒഴിവാക്കാനും മത്സ്യബന്ധന വള്ളങ്ങള് കെട്ടിയിട്ട് സൂക്ഷിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കടലില് മോശംകാലാവസ്ഥ തുടരുന്നതിനാല് കടലില് പോകുന്നതിന് കര്ശന വിലക്ക് ഏര്പ്പെടുത്തി. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ കടലില് പോകരുതെന്നാണ് നിര്ദേശം.

To advertise here,contact us