കൊല്ലത്ത് ട്രെയിൻ തട്ടി മരിച്ചത് ഇൻസ്റ്റഗ്രാം സുഹൃത്തുക്കള്; പരിചയപ്പെട്ടത് ഒരുമാസം മുമ്പ്

കൊല്ലത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ഗാന്ധിധാം എക്സ്പ്രസ് ഇടിച്ചാണ് ഇരുവരും മരിച്ചത്

കൊല്ലം: കിളികൊല്ലൂർ കല്ലുംതാഴം റെയിൽവേ ഗേറ്റിനു സമീപം ട്രെയിൻ തട്ടി മരിച്ചവർ സുഹൃത്തുക്കൾ. ഇരുവരെയും പൊലീസ് തിരിച്ചറിഞ്ഞു. ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനിൽ പരേതനായ ശശിധരൻ പിള്ളയുടെ മകൻ എസ് അനന്തു (18), സുഹൃത്തായ എറണാകുളം കളമശ്ശേരി വട്ടേക്കുന്നം പാറപ്പുറത്ത് (കടൂരപറമ്പിൽ) മധുവിന്റെ മകൾ മീനാക്ഷി (18) എന്നിവരാണ് മരിച്ചത്. ചൊവാഴ്ച വൈകിട്ട് 5.30-ന് കല്ലുംതാഴം റെയിൽവേ ഗേറ്റിന് സമീപം പാൽക്കുളങ്ങര തെങ്ങയ്യത്ത് ഭാഗത്താണ് ഇരുവരെയും ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടത്.

കൊല്ലത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ഗാന്ധിധാം എക്സ്പ്രസ് ഇടിച്ചാണ് ഇരുവരും മരിച്ചത്. റെയിൽവെ ട്രാക്കിലൂടെ നടക്കുകയായിരുന്ന യുവതിയും യുവാവും ട്രെയിൻ വരുന്നത് കണ്ടപ്പോൾ കെട്ടിപ്പിടിച്ച് നിൽക്കുകയായിരുന്നു.കൊല്ലം ഫാത്തിമ മാതാ കോളജിലെ മലയാളം ഒന്നാംവർഷ ബിരുദ വിദ്യാർഥിയാണ് അനന്തു. പ്ലസ്ടു കഴിഞ്ഞ വിദ്യാർഥിയാണ് മീനാക്ഷി. ഇരുവരും ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്.

സിനിമ കാണാൻ പോകുന്നു എന്നുപറഞ്ഞാണ് അനന്തു വീട്ടിൽനിന്നിറങ്ങിയത്. തിങ്കളാഴ്ച രാവിലെ സേ പരീക്ഷ എഴുതുന്നതിനുവേണ്ടി ഫീസ് അടയ്ക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് മീനാക്ഷി വീട്ടിൽനിന്ന് ഇറങ്ങിയത്. വൈകുന്നേരവും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

To advertise here,contact us